വ്യോമസേനാ വൈമാനികനെ ഇന്ന് പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറും; ചരിത്രമുഹൂര്‍ത്തത്തിലേക്ക് കണ്ണുനട്ട് രാജ്യം
വാഗാ അതിര്‍ത്തി വഴി ഇന്ന് ഇന്ത്യക്ക് കൈമാറുന്ന അഭിനന്ദനെ സ്വീകരിക്കാന്‍ കുടുംബവും ഇവിടെ എത്തിയിട്ടുണ്ട്. റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലേക്കും അവിടെ നിന്ന് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷമാവും അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുക.
ന്യൂഡല്‍ഹി: വ്യോമസേനാ വിമാനം തകര്‍ന്നു പാകിസ്താന്‍ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. വാഗാ അതിര്‍ത്തി വഴി ഇന്ന് ഇന്ത്യക്ക് കൈമാറുന്ന അഭിനന്ദനെ സ്വീകരിക്കാന്‍ കുടുംബവും ഇവിടെ എത്തിയിട്ടുണ്ട്. റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലേക്കും അവിടെ നിന്ന് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷമാവും അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുക.
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഏറെ പിരിമുറുക്കങ്ങള്‍ക്കൊടുവില്‍ അഭിനന്ദനെ മോചിപ്പിക്കുന്ന കാര്യം പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിക്കുന്നത്. പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തിലായിരുന്നു രാജ്യം കാത്തിരുന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുന്നത് സമാധാനത്തിനായി പാകിസ്താന്റെ ഭാഗത്തു നിന്നുള്ള ചുവടുവെപ്പാണെന്നും ഇംറാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടങ്ങുന്നതിന്റെ ആദ്യപടിയായാണ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാനുള്ള തീരുമാനം. തങ്ങളുടെ കാര്യക്ഷമതയും മനോവീര്യവും വ്യക്തമാക്കാന്‍ മാത്രമാണ് പാക് സൈന്യത്തിന്റെ പ്രതികരണത്തിലൂടെ ഉദ്ദേശിച്ചത്. ഇന്ത്യയെ ആക്രമിക്കണമെന്നോ നാശമുണ്ടാക്കണമെന്നോ പാകിസ്താന്‍ആഗ്രഹിക്കുന്നില്ല. യുദ്ധം ഒന്നിനും പരിഹാരമല്ല. അതിനാലാണ് സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോവരുതെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേരത്തെ, അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരം വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടാകും എന്ന് വ്യക്തമായ ഉറപ്പ് നല്കിയാല്‍ കൈമാറാം എന്നായിരുന്നു രാവിലെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസ്താവന. ഒരുപാധിയും അംഗീകരിക്കില്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു
ചൈനീസ് വിദേശകാര്യമന്ത്രിയും സൗദി വിദേശകാര്യമന്ത്രിയും തുര്‍ക്കി വിദേശകാര്യമന്ത്രിയും പാകിസ്താന്‍ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. അമേരിക്കയുടെ സമ്മര്‍ദ്ദവും പാകിസ്താനു മേല്‍ ഉണ്ടായിരുന്നു. ഒപ്പം ഇന്ത്യ നിലപാടു കര്‍ശനമാക്കുന്നു എന്ന സൂചനയും പുറത്തു വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാന്‍ ഖാന്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ മോചിപ്പിക്കാതെ ചര്‍ച്ച വേണ്ട എന്നതായിരുന്നു നിലപാട്. ഇതെല്ലാം പാകിസ്താനെ പെട്ടെന്ന് നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്.

