ഇന്ന് ശിശുദിനം; രണ്ടായിരത്തിലേറെ ചിത്രങ്ങളിലൂടെ ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ദക്ഷിണ

താനാളൂരിലെ കെഎസ്ഇബി ജീവനക്കാരനായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി നോബിലിന്റെയും ഭാര്യ താനാളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി ഷൈനിയുടെയും മകളാണ് എസ് എന്‍ ദക്ഷിണ.

Update: 2021-11-13 18:49 GMT

താനൂര്‍: രണ്ടര വയസ്സില്‍ ചിത്രം വരച്ച് തുടങ്ങിയ തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിയായ ദക്ഷിണ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി. ഈ ഒന്‍പതുകാരി വരച്ചത് രണ്ടായിരത്തിലേറെ മനോഹര ചിത്രങ്ങള്‍. താനാളൂരിലെ കെഎസ്ഇബി ജീവനക്കാരനായ തിരുവനന്തപുരം കാട്ടാക്കട സ്വദേശി നോബിലിന്റെയും ഭാര്യ താനാളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി ഷൈനിയുടെയും മകളാണ് എസ് എന്‍ ദക്ഷിണ.

മനസ്സില്‍ തോന്നുന്ന ആശയങ്ങളും ദൃശ്യങ്ങളും കാന്‍വാസിലേക്ക് പകര്‍ത്തുകയാണ് ഈ മിടുക്കിയുടെ രീതി. വാട്ടര്‍ കളര്‍, ഓയില്‍ പാസ്റ്റല്‍സ്, പെന്‍സില്‍ എന്നിവ ഉപയോഗിച്ചാണ് വരയ്ക്കുന്നത്. ലോക്ഡൗണ്‍ കാലയളവില്‍ 400 ചിത്രങ്ങള്‍ വരച്ചിരുന്നു. ഇതില്‍ 200 ചിത്രങ്ങളാണ് അധികൃതര്‍ക്ക് അയച്ചു കൊടുത്തത്. വരയ്ക്ക് പുറമെ വായനയും ദക്ഷിണയുടെ വിനോദമാണ്. തുഞ്ചന്‍ സ്മാരക ട്രസ്റ്റിലെ ബാലസമാജം ലൈബ്രറിയിലെ രണ്ടായിരത്തിലധികം പുസ്തകങ്ങളും ഈ ബാലിക വായിച്ചു തീര്‍ത്തിട്ടുണ്ട്. ഇവയില്‍ 260 പുസ്തകങ്ങള്‍ക്ക് ആസ്വാദനകുറിപ്പും തയാറാക്കി. തിരൂര്‍ ഫാത്തിമമാതാ സ്‌കൂളില്‍ നാലാം തരത്തിലാണ് ദക്ഷിണ പഠിക്കുന്നത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍, പ്രളയ ദുരന്തത്തില്‍പ്പെട്ട കുട്ടികളുടെ ദുരിതമറിഞ്ഞ ദക്ഷിണ താന്‍ വരച്ച ചിത്രങ്ങള്‍ കോഴിക്കോട്ട് പ്രദര്‍ശിപ്പിച്ചു. ഇതില്‍നിന്നും ലഭിച്ച 20,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു. നന്മ ബാലരങ്ങിന്റെ ഓണ്‍ ലൈന്‍ സ്‌കൂള്‍ കലോത്സവത്തിലും ദക്ഷിണ സമ്മാനാര്‍ഹയായിരുന്നു. തങ്ങള്‍ക്ക് അഭിമാനാമായി മാറിയ ദക്ഷിണയുടെ മികവുറ്റ കഴിവുകള്‍ ഇനിയും പോഷിപ്പിക്കനമ്മെന്നാണ് ഈ ശിശുദിനത്തില്‍ ദക്ഷിണയുടെ കുടുംബത്തിന്റ ആഗ്രഹം.

Tags: