ദയൂബന്ദിലെ ശാഹീന്‍ബാഗ് സമരം തകര്‍ക്കാന്‍ യുപി സര്‍ക്കാര്‍; സ്ത്രീ പ്രക്ഷോഭകരെ പിന്തിരിപ്പിക്കാന്‍ പുരുഷന്‍മാര്‍ക്കെതിരേ കള്ളക്കേസ്

എന്നാല്‍, പോലിസിന്റെയും സര്‍ക്കാരിന്റെയും ഇത്തരം വേട്ടയാടലുകള്‍ കൊണ്ടൊന്നും പിന്നോട്ടില്ലെന്നാണ് സംഘാടകരില്‍ പ്രധാനിയും എംകെസി സെക്രട്ടറിയുമായ ഇറാം ഉസ്മാനി പറയുന്നത്.

Update: 2020-03-13 07:03 GMT

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഐതിഹാസിക സമരം നടത്തുന്ന ശാഹീന്‍ ബാഗ് മാതൃകയില്‍ യുപിയിലെ സഹാറന്‍പൂര്‍ ജില്ലയിലെ ദയൂബന്ദില്‍ നടത്തുന്ന സമരം തകര്‍ക്കാന്‍ പോലിസ് വേട്ട. വനിതാ പ്രക്ഷോഭകരുടെ വീടുകളിലെ പുരുഷന്‍മാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരേ ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസുകള്‍ ചുമത്തുന്നതായാണ് ആരോപണം. സ്ത്രീകളെ സമരത്തില്‍നിന്നു പിന്‍മാറാനുള്ള സമ്മര്‍ദ്ദം ചെലുത്തി 46 ദിവസമായി തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ അവരെ നിര്‍ബന്ധിക്കാനുമാണ് ത്തരത്തില്‍ ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലുമെന്ന പോലെ ഇവിടെയു സ്ത്രീകളാണ് പൗരത്വ (ഭേദഗതി) നിയമത്തിനെതിരേ പ്രക്ഷോഭം നയിക്കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി വയറിനോടു പ്രക്ഷോഭകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്ന് എഫ്‌ഐആറുകളിലൊന്നില്‍ അപകടകരമായ രോഗത്തിന്റെ അണുബാധ വ്യാപിപ്പിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചാണ് പുരുഷന്മാര്‍ക്കെതിരേ ഇന്ത്യന്‍ പീനല്‍ കോഡിലെ 269, 270, 278, 290 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

    മറ്റൊരു എഫ്‌ഐആറില്‍, 'കുട്ടികളെ സംഘടിപ്പിച്ചു, പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അവരെ പ്രേരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിലെ നിയമങ്ങള്‍ പ്രകാരമാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്. നിയമവിരുദ്ധമായി ഒത്തുകൂടിയെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ 40 ഓളം ആളുകളുടെ പേരാണുള്ളത്. പ്രതിഷേധം തുടങ്ങിയ ആദ്യ ദിവസങ്ങള്‍ക്കുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുതുടങ്ങിയിരുന്നതായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദയൂബന്ദ് ആസ്ഥാനമായ ദേശീയമാധ്യമമായ ഹിന്ദുസ്ഥാനിലെ മാധ്യപ്രവര്‍ത്തകന്‍ മുഷറഫ് ഉസ്മാനി പറഞ്ഞു. കോടതിയില്‍ നിന്ന് നോട്ടീസ് പുറപ്പെടുവിക്കുന്നതുവരെ എഫ്‌ഐആര്‍ സംബന്ധിച്ച് ഞങ്ങളോട് ആരും പറഞ്ഞിരുന്നില്ല. കുറേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും പോലിസ് ഒരു വിവരവും വെളിപ്പെടുത്തുന്നില്ലെന്നും ഉസ്മാനി പറഞ്ഞു.

    ദയൂബന്ദിലെ നാല് സ്ത്രീകള്‍ ചേര്‍ന്ന് വീട് തോറും പ്രചാരണം നടത്തി മറ്റുള്ളവരെ അണിനിരത്തിയാണ് പ്രക്ഷോഭം തുടങ്ങിയത്. മുര്‍തഹിദ ഖവാത്തിന്‍ കമ്മിറ്റി(എംകെസി) ഡയറക്ടര്‍ അംന റോഷിയും ഇക്കൂട്ടത്തിലുണ്ട്. റോഷിയുടെ സഹോദരനാണ് ഉസ്മാനി. 'അവര്‍ എല്ലാവരെയും നോക്കി, ബന്ധുക്കളെ മനസ്സിലാക്കി. അവര്‍ ഏര്‍പ്പെട്ടിരിക്കുന്ന ജോലികള്‍ നോക്കി. പിന്നീട് അവരുടെ പിന്നാലെ പോവുകയാണെന്നും ഉസ്മാനി പറഞ്ഞു. ഉസ്മാനിയെപ്പോലെ മൂന്ന് എഫ്‌ഐആറുകളിലൊന്നില്‍ കേസെടുത്തിട്ടുള്ള മറ്റ് നാല് മാധ്യമപ്രവര്‍ത്തകരെങ്കിലുമുണ്ട്. ഇവരെല്ലാം മറ്റു നഗരങ്ങളില്‍ ജോലി ചെയ്യുന്നവരാണ് എന്നതാണു വൈരുധ്യം.

    'ഞങ്ങളില്‍ ഭൂരിഭാഗവും ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. നിയമവിരുദ്ധമായി ഒത്തുകൂടിയെന്നാണ് പോലിസ് ഞങ്ങള്‍ക്കെതിരേ എഫ്‌ഐആറില്‍ പറഞ്ഞിട്ടുള്ളത്. പ്രതിഷേധം സംഘടിപ്പിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നത് സ്ത്രീകളാണ്. പുരുഷന്മാര്‍ പൂര്‍ണ ഐക്യദാര്‍ഢ്യത്തിലാണെങ്കിലും പ്രതിഷേധ സ്ഥലത്ത് നിന്ന് മാറി നില്‍ക്കുകയാണ്. പക്ഷേ, പോലിസ് അവര്‍ക്കു പിന്നാലെ പോവുകയാണെന്നും എഫ്‌ഐആറില്‍ പേരുള്ള മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. തന്റെ ജോലിസ്ഥലത്ത് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ച് റിപോര്‍ട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    പോലിസ് മാത്രമല്ല, മറ്റു വകുപ്പുകളും 'തങ്ങളെ പാഠം പഠിപ്പിക്കാന്‍' ഉപയോഗിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. ഉദാഹരണത്തിന്, പ്രതിഷേധക്കാരില്‍ ഒരാള്‍ നടത്തുന്ന സ്‌കൂളുകള്‍ക്കെതിരേ വിദ്യാഭ്യാസ വകുപ്പ് രേഖകള്‍ പരിശോധിക്കാനും നിസ്സാര പരാതികള്‍ ഉന്നയിക്കാനും തുടങ്ങി. 'ഈ കുടുംബത്തിലെ സ്ത്രീകള്‍ പ്രതിഷേധത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതിനാല്‍, വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയയ്ക്കാനും ക്രമരഹിതമായ കാര്യങ്ങളെക്കുറിച്ച് വിശദീകരണം ചോദിക്കാനും തുടങ്ങി. ഞങ്ങള്‍ക്ക് ഒരു വലിയ ഒടുക്കേണ്ടി വന്നതായും ഒരു സ്വകാര്യ സ്‌കൂളിന്റെ ട്രസ്റ്റിമാരില്‍ ഒരാള്‍ പറഞ്ഞു. റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസും(ആര്‍ടിഒ) പ്രതിഷേധക്കാരെ വേട്ടയാടാന്‍ ഉപയോഗിക്കുകയാണ്. പ്രതിഷേധക്കാരെ ഈദ്ഗാഹ് മൈതാനത്ത് എത്തിച്ചെന്നാരോപിച്ച് നൂറിലേറെ റിക്ഷാ ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു തവണയാണ് പിഴയിട്ടതെന്ന് ഒരു റിക്ഷാ ഉടമ 'ദി വയറി'നോട് പറഞ്ഞു. 'ചെറിയ പിഴയാണെങ്കിലും ആര്‍ടിഒ ഉദ്യോഗസ്ഥര്‍ വലിയ കൈക്കൂലി ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

    ഇറച്ചി വ്യാപാരിയായ ഖുറേഷി സമുദായത്തിലെ നിരവധി പേര്‍ക്കും സമാന അനുഭവങ്ങളാണ് പറയാനുള്ളത്. 'ദിവസങ്ങളായി ഞങ്ങള്‍ക്ക് ഗോസ്ത്(ആട്ടിറച്ചി കൊണ്ടുള്ള പ്രത്യേക വിഭവം) വില്‍ക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പോലിസും ഭക്ഷ്യവകുപ്പും ഞങ്ങളുടെ കടകളില്‍ നിരന്തരം റെയ്ഡ് നടത്തുകയാണ്. ഇത്തരം നടപടികള്‍ ഞങ്ങളെ എല്ലാവരെയും പിന്തിരിയാന്‍ പ്രേരിപ്പിക്കുകയാണെന്ന് പ്രദേശത്ത് ഇറച്ചിക്കട നടത്തുന്ന പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത വയോധികന്‍ പറഞ്ഞു. 'പ്രതിഷേധത്തില്‍നിന്നു പിന്തിരിയാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചില്ലെങ്കില്‍ ഗോമാംസം വില്‍ക്കുന്നതിന് കേസെടുക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ലോകപ്രശസ്ത ഇസ് ലാമിക സ്ഥാപനമായ ദാറുല്‍ ഉലൂമിലെ ഫത് വകള്‍ പോലും വകവയ്ക്കാതെയാണ് സ്ത്രീകള്‍ക്ക് ഇവിടെ പ്രതിഷേധം തുടരുന്നത്.

    എന്നാല്‍, പോലിസിന്റെയും സര്‍ക്കാരിന്റെയും ഇത്തരം വേട്ടയാടലുകള്‍ കൊണ്ടൊന്നും പിന്നോട്ടില്ലെന്നാണ് സംഘാടകരില്‍ പ്രധാനിയും എംകെസി സെക്രട്ടറിയുമായ ഇറാം ഉസ്മാനി പറയുന്നത്. പ്രതിഷേധക്കാരുടെയും കുടുംബങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. എങ്കിലും ഞങ്ങളുടെ പ്രതിഷേധം സമാധാനപരമായി തുടരും. സംസ്ഥാനസര്‍ക്കാര്‍ എല്ലാ ദിവസവും ഞങ്ങളെ ശല്യപ്പെടുത്താന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്. അവര്‍ക്ക് ഞങ്ങളുമായി ബന്ധപ്പെട്ട് പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കാനാവും. എന്നാല്‍, അവര്‍ ഞങ്ങളെ കുറ്റവാളികളായാണ് കാണുന്നത്. ഇത്തരം പോലിസ് നടപടി സ്ത്രീകളെ കൂടുതല്‍ നിശ്ചയദാര്‍ഢ്യമുള്ളവരാക്കുകയാണ്. ദയൂബന്ദില്‍നിന്നും സമീപ പട്ടണങ്ങളില്‍ നിന്നുമുള്ള കൂടുതല്‍ സ്ത്രീകള്‍ പ്രതിഷേധത്തില്‍ പങ്കുചേരുകയാണെന്നും അവര്‍ പറഞ്ഞു. സിഎഎ പാസാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ സംസ്ഥാനത്തുടനീളം നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. 2019 ഡിസംബറില്‍ നടന്ന പോലിസ് വെടിവയ്പില്‍ 23 ഓളം പേരാണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സമരക്കാരെ നിരന്തരം വേട്ടയാടുകയാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ പേരും ചിത്രങ്ങളുമടങ്ങിയ വന്‍ ഹോര്‍ഡിങുകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതിയും പിന്നീട് സുപ്രിംകോടതിയും രൂക്ഷമായി വിമര്‍ശിക്കുകയും നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.



Tags:    

Similar News