വോട്ടെടുപ്പിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെടിയേറ്റു; പിന്നില്‍ സിആര്‍പിഎഫ് എന്ന് ആരോപണം

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ അശോക്‌നഗര്‍ നിയോജകമണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കബീറുലിന് നേരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പാര്‍ട്ടി നേതൃത്വം ആരോപിച്ചു.

Update: 2021-04-22 09:14 GMT

കൊല്‍ക്കത്ത: വ്യാഴാഴ്ച നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറാം ഘട്ട പോളിങിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് വെടിയേറ്റതായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ അശോക്‌നഗര്‍ നിയോജകമണ്ഡലത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കബീറുലിന് നേരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പാര്‍ട്ടി നേതൃത്വം ആരോപിച്ചു.

അശോക്‌നഗറിലെ ദിഗ്ര മാലിക്ബീരിയ പ്രദേശത്തെ ബൂത്ത് നമ്പര്‍ 79 ലാണ് സംഭവം. മറ്റൊരു സംഭവത്തില്‍, ഉത്തര്‍ ദിനാജ്പൂരിലെ ചോപ്ര പ്രദേശത്ത്, ഒരു പോളിങ് ബൂത്തിലെ ഏജന്റുമാര്‍ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെതുടര്‍ന്ന് വെടിവയ്പുണ്ടായതായി റിപോര്‍ട്ടുണ്ട്.

ബിജെപിയാണ് വെടിവയ്പിന് പിന്നിലെന്നും തൃണമൂലും തൃണമൂല്‍ പ്രവര്‍ത്തകരാണ് വെടിവയ്പ് നടത്തിയതെന്ന് ബിജെപിയും ആരോപിച്ചു. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രാദേശിക ഭരണകൂടത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Tags: