പൂരാവേശം ഇന്ന് കൊടിയിറങ്ങും

ഉച്ചയ്ക്ക് 12ന് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരം കൊടിയിറങ്ങും.

Update: 2019-05-14 02:31 GMT

തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിലാറാടിച്ച തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം. പകല്‍പ്പൂരത്തോടെ രണ്ട് ദിവസം നീണ്ട ആഘോഷ ദിനങ്ങള്‍ക്ക് കൊടിയിറങ്ങും. ശ്രീലങ്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കിയ കനത്തസുരക്ഷയും കടുത്ത നിയന്ത്രണങ്ങളും തൃശ്ശൂര്‍ പൂരത്തെ ഒട്ടുമേ ബാധിച്ചില്ല. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പൂരത്തലേന്നുവരെ നീണ്ട ആശങ്കയും പുരുഷാരത്തിന്റെ ഒഴുക്കിനെ ബാധിച്ചില്ല. ചൊവ്വാഴ്ച പകല്‍പ്പൂരം കഴിഞ്ഞ് ഉപചാരംചൊല്ലി ഭഗവതിമാര്‍ മടങ്ങുംവരെയും ഈ ഒഴുക്ക്് തുടരും.

തിങ്കളാഴ്ച രാവിലെ ഏഴിന് ഘടകപൂരങ്ങളുടെ വരവോടെയായിരുന്നു പൂരച്ചടങ്ങുകളുടെ തുടക്കം. എട്ട് ഘടകക്ഷേത്രങ്ങളില്‍ കണിമംഗലം ശാസ്താവ് വാദ്യമേളങ്ങളോടെ ആനപ്പുറമേറി ആദ്യമെത്തി. തുടര്‍ന്ന് മറ്റു ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാരും മുറപ്രകാരമെത്തി വടക്കുന്നാഥനെ വണങ്ങി.

വൈവിധ്യമാര്‍ന്ന കുടമാറ്റത്തിനാണ് ഇക്കുറി സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ സൈന്യം വരെ വര്‍ണക്കുടകളില്‍ സ്ഥാനം പിടിച്ചപ്പോള്‍ ആവേശം ഇരട്ടിയായി. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, എല്‍ഇഡി വെളിച്ചങ്ങള്‍ ഇങ്ങനെ തുടങ്ങി ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്താണ് കുടമാറ്റം പൂര്‍ത്തിയായത്. രാത്രി പതിനൊന്നോടെ പാറമേക്കാവ് ഭഗവതിക്കു മുന്നില്‍ പരയ്ക്കാട് തങ്കപ്പന്‍ മാരാരുടെ പ്രാമാണ്യത്തില്‍ പഞ്ചവാദ്യം അരങ്ങേറി.

കൈമെയ് മറന്ന് ആയിരങ്ങളാണ് പൂരാവേശത്തിന് നിറം പകരാനെത്തിയത്. വൈകുന്നേരം 5.30ഓടെയാണ് കുടമാറ്റത്തിന് തുടക്കമായത്. ഇരുവശത്തുമായി ഇരുക്ഷേത്രങ്ങളുടെയും 15 വീതം ആനകള്‍ അണിനിരന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറ മേളം ആസ്വാദകര്‍ക്ക് മറ്റൊരു വിരുന്നായി. പുലര്‍ച്ചെ നടന്ന വെടിക്കെട്ടും ആസ്വാദകര്‍ക്ക് വിരുന്നായി. കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വെടിക്കെട്ട് നടത്തിയത്.

കനത്ത സുരക്ഷയിലായിരുന്നു ഇക്കുറി തൃശൂര്‍ പൂരം. ശ്രീലങ്കന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എങ്ങും പൊലീസ് കനത്ത സുരക്ഷയൊരുക്കി.കര്‍ശന സുരക്ഷയും തെച്ചിക്കോട്ട് രാമചന്ദ്രന്‍ വിവാദവും ഒന്നും പൂരാവേശത്തിന് തെല്ലും മങ്ങലേല്‍പ്പിച്ചില്ല. ചൊവ്വാഴ്ച്ച എട്ടിനാണ് പകല്‍പൂരം. ഉച്ചയ്ക്ക് 12ന് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരം കൊടിയിറങ്ങും.

Tags: