ചാവക്കാട്ട് പത്താഴ കുഴിയില്‍ ചളിയില്‍ താഴ്ന്ന് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു; രണ്ട് പേര്‍ രക്ഷപ്പെട്ടു

Update: 2022-04-28 16:53 GMT

ചാവക്കാട്: തെക്കന്‍ പാലയൂര്‍ കഴുത്താക്കല്‍ പാലത്തിനടുത്ത് ബണ്ടിനോട് ചേര്‍ന്ന പത്താഴ കുഴിയില്‍ ഇറങ്ങിയ അഞ്ചു വിദ്യാര്‍ത്ഥികളില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടു പേര്‍ രക്ഷപ്പെട്ടു. തെക്കന്‍ പാലയൂര്‍ സ്വദേശികളായ മനയംപറമ്പില്‍ ഷണാദിന്റെ മകന്‍ വരുണ്‍ (18), മങ്ങേടത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ മുഹസിന്‍ (16), മനയം പറമ്പില്‍ സുനിലിന്റെ മകന്‍ സൂര്യ (16) എന്നിവരാണ് മരിച്ചത്. വൈകീട്ട് 5.30 ഓടെയാണ് സംഭവം. പത്താഴ കുഴിയില്‍ കുളിക്കാനിറങ്ങിയ അഞ്ചു പേരില്‍ മൂന്നുപേര്‍ ചളിയില്‍ താഴുകയായിരുന്നു. ഉടന്‍ തന്നെ മറ്റു രണ്ടു പേര്‍ പേടിച്ച് വീട്ടിലേക്ക് തിരിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് മുനക്കക്കടവ് കോസ്റ്റല്‍ പോലിസ് വാര്‍ഡന്‍ ബ്ലാങ്ങാട് സ്വദേശി അക്ഷയ് പത്താഴ കുഴിയില്‍ ഇറങ്ങി മൂന്നുപേരേയും പുറത്തെടുത്തു. പിന്നീട് ഇവര്‍ മൂന്നുപേരേയും ഉടന്‍ തന്നെ ചാവക്കാട്, തിരുവത്ര ടോട്ടല്‍ കെയര്‍,

ഒരുമനയൂര്‍ മസ്‌റൂയി ആംബുലന്‍സുകളില്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരെയും രക്ഷിക്കാനായില്ല. ചാവക്കാട് പോലിസും ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങള്‍ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.