ശബരിമല ദര്‍ശനം നടത്താതെ തൃപ്തി ദേശായിയും സംഘവും മടങ്ങി

ഇക്കാര്യം രേഖാമൂലം എഴുതി നല്‍കിയാല്‍ മടങ്ങിപ്പോവാമെന്ന് തൃപ്തി പോലിസിനെ അറിയിച്ചു

Update: 2019-11-26 18:29 GMT

കൊച്ചി: സംരക്ഷണം നല്‍കില്ലെന്ന് പോലിസ് ആവര്‍ത്തിച്ചതോടെ ശബരിമല ദര്‍ശനം നടത്താതെ തൃപ്തി ദേശായിയും സംഘവും പൂനെയിലേക്ക് മടങ്ങി. അതേസമയം, പോലിസ് സംരക്ഷണം നല്‍കാത്തതിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് തൃപ്തി ദേശായി പറഞ്ഞു. യുവതി പ്രവേശനം സംബന്ധിച്ച് 2018ലെ വിധിയില്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്യാതിരുന്നിട്ടും രാവിലെ എത്തിയ തങ്ങളെ പോലിസ് തടഞ്ഞു. സംരക്ഷണം ആവശ്യപ്പെട്ടാണ് കമ്മീഷണറുടെ ഓഫിസിലെത്തിയത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്. സംരക്ഷണം നല്‍കാനാവില്ലെന്നു പോലിസ് പറഞ്ഞു. പ്രതിഷേധിക്കുന്നവര്‍ യഥാര്‍ഥ ഭക്തരല്ല. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

    ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് തൃപ്തി ദേശായിയും സംഘവും ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍, സംരക്ഷണം നല്‍കാനാവില്ലെന്ന് പോലിസ് ആവര്‍ത്തിച്ചു. ഇക്കാര്യം രേഖാമൂലം എഴുതി നല്‍കിയാല്‍ മടങ്ങിപ്പോവാമെന്ന് തൃപ്തി പോലിസിനെ അറിയിച്ചു. ഇതോടെ രേഖാമൂലം മറുപടി നല്‍കുന്നത് സംബന്ധിച്ച് പോലിസ് നിയമോപദേശം തേടുകയും സംസ്ഥാന അറ്റോര്‍ണി പോലിസിനെ സമ്മതം അറിയിക്കുകയും ചെയ്തു. ഇതിനിടെ, വൈകിട്ട് നാലോടെ തൃപ്തിയും സംഘവും മുംബൈയിലേക്ക് മടങ്ങിയേക്കുമെന്ന് സൂചനയുണ്ടായെങ്കിലും പിന്നീട് നിലപാട് മാറ്റി. രാത്രിയോടെ പോലിസ് അവരെ തിരിച്ചയയ്ക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയതോടെയാണ് സംഘം പൂനെയിലേക്ക് മടങ്ങാന്‍ തയ്യാറായത്. തൃപ്തിയും സംഘവും ഉണ്ടായിരുന്ന കൊച്ചി പോലിസ് കമ്മീഷണര്‍ ഓഫിസിനു മുന്നില്‍ ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ നാമജപവുമായി പ്രതിഷേധിച്ചിരുന്നു.



Tags:    

Similar News