മേക്കരയിലെ ഘര്‍ വാപസി കേന്ദ്രത്തിലേക്ക് ഡിവൈഎഫ് ഐ മാര്‍ച്ച്

കേന്ദ്രത്തിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് തൃപ്പൂണത്തുറ എംഎല്‍എ എം സ്വരാജ് മുഖ്യമന്ത്രിക്ക് നിവദനം നല്‍കിയിരുന്നു

Update: 2019-05-17 03:41 GMT

കൊച്ചി: തൃപ്പൂണിത്തുറ മേക്കരയിലെ ഘര്‍ വാപസി കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. ചൂരക്കാട് നിന്നാരംഭിച്ച യുവജനമാര്‍ച്ച് കേന്ദ്രത്തിനു സമീപം പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എന്‍ ജി സുജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ വി കിരണ്‍ രാജ്, സെക്രട്ടറി കെ ടി അഖില്‍ദാസ് സംസാരിച്ചു. കേന്ദ്രത്തില്‍ താമസിപ്പിക്കാന്‍ കൊണ്ടുവന്ന ഒരു യുവതി കഴിഞ്ഞ ദിവസം ഇറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് മാസങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്രത്തെ കുറിച്ച് നാട്ടുകാരില്‍ സംശയമുയര്‍ന്നത്. സ്ഥാപനത്തിലെ ജീവനക്കാര്‍ പെണ്‍കുട്ടിയെ തിരികെ കേന്ദ്രത്തിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ട് പോലിസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലിസ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.

    കേന്ദ്രത്തിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് തൃപ്പൂണത്തുറ എംഎല്‍എ എം സ്വരാജ് മുഖ്യമന്ത്രിക്ക് നിവദനം നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. 'ഘര്‍ വാപസി' എന്ന പേരില്‍ ചില മത സംഘടനകള്‍ നടത്തിവരുന്ന സ്ഥാപനങ്ങളിലൊന്നാണ് ഈ കേന്ദ്രമെന്ന് കരുതുന്നുവെന്നാണ് സ്വരാജ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഉദയംപേരൂര്‍ കണ്ടനാട് പ്രവര്‍ത്തിച്ചുവന്നിരുന്ന കുപ്രസിദ്ധി നേടിയ കേന്ദ്രമാണ് പുതിയ പേരില്‍ മേക്കരയില്‍ പ്രവര്‍ത്തിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് നിയമ നടപടിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നാട്ടുകാര്‍ക്കിടയില്‍ ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുകയാണ്.




Tags:    

Similar News