തൃക്കാക്കര നഗരസഭ പണക്കിഴി വിവാദം: വിജിലന്‍സ് പ്രാഥമിക റിപോര്‍ട്ട് ഇന്ന്

ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പിടിച്ചെടുത്ത് പരിശോധിച്ച വിജിലന്‍സ് സംഘത്തിന് നഗരസഭ അദ്ധ്യക്ഷക്കെതിരേ മതിയായ തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന.

Update: 2021-08-31 02:58 GMT

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ പണക്കിഴി പരാതിയില്‍ വിജിലന്‍സിന്റെ പ്രാഥമിക റിപോര്‍ട്ട് ഇന്ന് തയ്യാറാകും. ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പിടിച്ചെടുത്ത് പരിശോധിച്ച വിജിലന്‍സ് സംഘത്തിന് നഗരസഭ അദ്ധ്യക്ഷക്കെതിരേ മതിയായ തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന.

നഗരസഭ അധ്യക്ഷയുടെ മുറി തുറക്കാന്‍ അനുവദിക്കരുതെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടതോടെ കഴിഞ്ഞ ദിവസം സെക്രട്ടറി ക്യാബിന്‍ സീല്‍ ചെയ്തിരുന്നു. തന്റെ സാന്നിധ്യത്തില്‍ വിജിലന്‍സ് മുറി തുറന്ന് പരിശോധിച്ചാല്‍ തടയില്ലെന്നാണ് അജിത തങ്കപ്പനും വ്യക്തമാക്കിയിട്ടുള്ളത്. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ക്ക് ശേഷം നഗരസഭ ഓഫിസ് തുറക്കുന്ന ഇന്ന് ഇക്കാര്യങ്ങളില്‍ തുടര്‍നടപടികളും ഉണ്ടാകും. തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടിയ്‌ക്കൊപ്പം 10,000 രൂപയും നല്‍കിയെന്ന പ്രതിപക്ഷത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത്.

കൗണ്‍സിലര്‍മാരായ ഓരോ അംഗങ്ങള്‍ക്കും ഓണക്കോടിയോടൊപ്പം കവറില്‍ 10,000 രൂപയും ചെയര്‍ പേഴ്‌സണന്‍ അജിത തങ്കപ്പന്‍ നല്‍കിയെന്നാണ് പറയുന്നത്.അംഗങ്ങളെ ഒരോരുത്തരയെും ക്യാബിനില്‍ വിളിച്ചു വരുത്തിയാണ് ഓണക്കോടിയും കവറും നല്‍കിയതെന്നാണ് ആരോപണം. 43 കൗണ്‍സിലര്‍മാരാണ് നഗരസഭയില്‍ ഉള്ളത്.സംഭവം വിവാദമായതോടെ മിക്ക കൗണ്‍സിലര്‍മാരും പണം തിരികെ ഏല്‍പ്പിച്ചുവെന്നും പറയുന്നു. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് തൃക്കാക്കര നഗരസഭയില്‍ ഭരണം നടത്തുന്നത്.

Tags:    

Similar News