വര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു

Update: 2024-09-16 16:32 GMT

വര്‍ക്കല: വര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ഇടവ വെണ്‍കുളം തൊട്ടുമുഖം വലിയവിള അംബേദ്കറിലെ ആദിത്യന്‍ (18), മങ്ങാട്ട് ആനന്ദ്ദാസ് (19), മുണ്ടയില്‍ ജിഷ്ണു മോന്‍സി (19) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ബൈക്കില്‍ യാത്ര ചെയ്ത ജനാര്‍ദ്ദനപുരം സ്വദേശി വിഷ്ണു (19), ഇടവ മൂടില്ലാവിള കല്ലിന്‍മേല്‍ വയലില്‍വീട്ടില്‍ സനോജ് (19) എന്നിവരെ ഗുരുതര പരിക്കുളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം.

വിഷ്ണുവും ജിഷ്ണുവും പുന്നമൂട് പമ്പില്‍നിന്നു പെട്രോള്‍ നിറച്ചശേഷം കുരയ്ക്കണ്ണി ജങ്ഷനിലെത്തി ഹെലിപ്പാഡ് ഭാഗത്തേക്ക് പോവുന്നതിനിടെ എതിരേവന്ന ആദിത്യന്‍, ആനന്ദ്ദാസ്, സനോജ് എന്നിവര്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ച് വീണ ആദിത്യന്‍, ആനന്ദദാസ്, ജിഷ്ണു എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇരു ബൈക്കുകളും അമിതവേഗതയിലായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. അപര്‍ണ ഭവനില്‍ അനില്‍കുമാര്‍-ഉഷ ദമ്പതികളുടെ മകനാണ് ആദിത്യന്‍. മങ്ങാട്ട് ചരുവിള രഞ്ജിദാസ് ഭവനില്‍ ദാസ്-കുമാരി ദമ്പതികളുടെ മകനാണ് ആനന്ദ്ദാസ്. മുണ്ടയില്‍ തോപ്പുവിള വീട്ടില്‍ മോന്‍സി-ധനുജ ബാബു ദമ്പതികളുടെ മകനാണ് ജിഷ്ണു മോന്‍സി.

Tags: