ഉഡുപ്പി കോളജിലെ മൂന്ന് വിദ്യാർഥിനികൾക്ക് പ്രാക്ടിക്കൽ പരീക്ഷയിൽ പ്രവേശനം നിഷേധിച്ചു
ഞാൻ എന്റെ പ്രാക്ടിക്കൽ റെക്കോർഡ് ബുക്ക് സമർപ്പിക്കാനും ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാനുമാണ് കോളജിൽ പോയത്. എന്നാൽ ഞാൻ ഹിജാബ് മാറ്റിയാൽ മാത്രമേ പുസ്തകം സ്വീകരിക്കൂ എന്ന് ലക്ചറർ എന്നോട് പറഞ്ഞു.
ഉഡുപ്പി: ഉഡുപ്പിയിലെ ഗവൺമെന്റ് വിമൺസ് പിയു കോളജിൽ മൂന്ന് വിദ്യാർഥിനികൾക്ക് തിങ്കളാഴ്ച പ്രാക്ടിക്കൽ പരീക്ഷയിൽ പ്രവേശനം നിഷേധിച്ചു. ഹിജാബ് വിലക്കിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിച്ച ആറ് വിദ്യാർഥിനികളിൽ മൂന്ന് പേർ ഈ കോളജിൽ പന്ത്രണ്ടാം ക്ലാസിൽ സയൻസ് വിഭാഗത്തിലാണ് പഠിക്കുന്നത്.
"ഞാൻ എന്റെ പ്രാക്ടിക്കൽ റെക്കോർഡ് ബുക്ക് സമർപ്പിക്കാനും ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാനുമാണ് കോളജിൽ പോയത്. എന്നാൽ ഞാൻ ഹിജാബ് മാറ്റിയാൽ മാത്രമേ പുസ്തകം സ്വീകരിക്കൂ എന്ന് ലക്ചറർ എന്നോട് പറഞ്ഞു. തുടർന്ന് അവർ എന്നെ പ്രിൻസിപ്പലിന്റെ ചേമ്പറിലേക്ക് അയച്ചു, അവിടെ അദ്ദേഹം പോലിസിൽ പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തി," പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർഥികളിലൊരാൾ പറഞ്ഞു.
"ഇന്റേണൽ ഉൾപ്പെടെയുള്ള പ്രായോഗിക പരീക്ഷ 30 മാർക്കിനും എഴുത്തുപരീക്ഷ 70 മാർക്കിനുമായിരിക്കും. ഞങ്ങൾ പ്രാക്ടിക്കലുകളിൽ പങ്കെടുത്തില്ലെങ്കിൽ, എഴുത്ത് പരീക്ഷകളിൽ പങ്കെടുക്കാൻ ഞങ്ങൾ അയോഗ്യരാകും," അവർ കൂട്ടിച്ചേർത്തു.
ഉഡുപ്പിയിലെ സർക്കാർ പിയു കോളജുകളിലെ വിദ്യാർഥികൾ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിനെതിരായ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരു കൂട്ടം ഹരജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.