എടവണ്ണയില്‍ പ്രവാസി വ്യവസായിയുടെ വീടിന് തീവച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

Update: 2024-08-27 11:43 GMT

മലപ്പുറം: എടവണ്ണ ആര്യന്‍ തൊടികയില്‍ പ്രവാസി വ്യവസായിയുടെ വീടിന് പെട്രോളോഴിച്ചു തീയിട്ട് കുടുംബത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍. പരപ്പനങ്ങാടി സ്വദേശികളായ വലിയപറമ്പത് മുഹമ്മദ് ഷഫീക്(28), ചിറമംഗലം സ്വദേശി കല്ലന്‍ ഫഹദ്(28), ചെര്‍പ്പുളശ്ശേരി സ്വദേശി മൂലങ്കുന്നത്ത് അബ്ദുര്‍ റസാഖ്(25) എന്നിവരാണ് പിടിയിലായത്. മൂവരും എറണാംകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്ന് പോലിസ് പറഞ്ഞു. കേസില്‍ ഒരാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

    കഴിഞ്ഞ മാസം 29നാണ് കേസിനാസ്പദമായ സംഭവം. പ്രവാസി വ്യവസായിയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ടു കാറുകള്‍ കത്തിനശിക്കുകയും വീടിന് കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. 40 ലക്ഷം രൂപ നഷ്ടം സംഭവിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. എടവണ്ണ പോലിസും മലപ്പുറം എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. ഇടുക്കി മറയുര്‍ പോലിസിന്റെ സഹായത്തോടെ മറയുര്‍ വനമേഖലയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. എടവണ്ണ പോലിസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും. ഗള്‍ഫില്‍ നിന്നു ഒരാള്‍ നല്‍കിയ ക്വട്ടേഷന്‍ ആക്രമണമാണിതെന്നാണ് മുഖ്യപ്രതി ഷഫീഖിന്റെ മൊഴിയെന്നും പോലിസ് അറിയിച്ചു.

Tags: