യുപിയിലെ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബല്ലിയയിലെ ഫഫ്‌ന ഗ്രാമത്തില്‍ വീടിന് സമീപത്ത് വച്ച് ആക്രമികള്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊന്നത്.
ലക്‌നോ: യുപിയില്‍ മാധ്യമപ്രവര്‍ത്തകന്‍ രത്തന്‍ സിങ് കൊല്ലപ്പെട്ട കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഉദയ് നാരായണ്‍ സിങ്, അനില്‍ സിങ്, തേജ്ബഹാദൂര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25,000 രൂപ പരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇവരില്‍ നിന്നും മാരകയാധുങ്ങളും പിടിച്ചെടുത്തു ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.കേസില്‍ പത്ത് പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബല്ലിയയിലെ ഫഫ്‌ന ഗ്രാമത്തില്‍ വീടിന് സമീപത്ത് വച്ച് ആക്രമികള്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊന്നത്. രത്തന്‍ സിങിന്റെ പേരിലുള്ള ഭൂമിയുടെ വില്‍പ്പന സംബന്ധിച്ച് ഒരു സംഘമായുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലിസ് കണ്ടെത്തല്‍.
സംഭവം നടന്നതിന്റെ പിറ്റേന്ന് ആറ് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ച്ച വരുത്തിയതിന് ഒരു പോലിസ് ഉദ്യോഗസ്ഥനെ ഉത്തര്‍പ്രദേശ് പോലിസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഭൂമിതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന പോലിസ് കണ്ടെത്തല്‍ തള്ളി രത്തന്‍ സിങ്ങിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ ജോലി സംബന്ധമായ പകപോക്കലല്ല കൊലപാതകത്തിന് കാരണമെന്ന നിലപാടിലാണ് പോലിസ് അന്വേഷണം. ഹിന്ദി ചാനലിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന രത്തന്‍ സിങ്ങിന്റെ മരണത്തില്‍ വലിയ പ്രതിഷേധമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. രത്തന്‍ സിങിന്റെ കുടുംബത്തിന് യുപി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.
