കൊക്കയാറില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണസംഖ്യ ആറായി, തിരച്ചില്‍ തുടരുന്നു
ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി കൊക്കയാറില്‍നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കൊക്കയാര്‍ കൂട്ടിക്കല്‍ ചേരിപ്പുറത്ത് കല്ലുപുരയ്ക്കല്‍ വിട്ടില്‍ സിയാദിന്റെ ഭാര്യ ഫൗസിയ സിയാദ് (28), മകന്‍ അമീന്‍ (7), ഷാജി ചിറയില്‍ (56) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ കൊക്കയാറില്‍ കാണാതായവരില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മൂന്ന് വയസ്സുള്ള സച്ചു ഷാഹുലിനെ ഇനി കണ്ടെത്താനുണ്ടെന്നാണ് വിവരം. അതിനായി പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. കൊക്കയാര്‍ കൂട്ടിക്കല്‍ ചേരിപ്പുറത്ത് കല്ലുപുരയ്ക്കല്‍ വിട്ടില്‍ സിയാദിന്റെ മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഹ്‌സാന ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.
മൂന്ന് കുട്ടികളും കെട്ടിപ്പിടിച്ചുകിടക്കുന്ന രീതിയിലായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാവിലെ ഏഴുമണി മുതല്‍ എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്‌സിന്റെയും എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് വളന്റിയര്‍ ടീമിന്റെയും നേതൃത്വത്തിലാണ് മഴയെ വകവയ്ക്കാതെ ഇവിടെ തിരച്ചില്‍ തുടരുന്നത്. ഡോഗ് സ്‌ക്വാഡും അപകടസ്ഥലത്തുണ്ട്. മൃതദേഹങ്ങള്‍ പൂര്‍ണമായി മണ്ണില്‍ പൊതിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഡീന്‍ കുര്യാക്കോസ് എംപി, വാഴൂര്‍ സോമന്‍ എംഎല്‍എ, ജില്ലാ പോലിസ് മേധാവി ആര്‍ കറുപ്പസാമി, ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എഡിഎം ഷൈജു പി ജേക്കബ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പുരോഗമിക്കുകയാണ്. അതേസമയം, കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മരിച്ച 11 പേരുടെയും മൃതദേഹം കണ്ടെത്തി. ഒരു കുടുംബത്തിലെ ആറ് പേര്‍ ഉള്‍പ്പടെയാണ് മരിച്ചത്. പെരുവന്താനം നിര്‍മലഗിരിയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയില്‍ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

