കശ്മീരില്‍ മൂന്ന് സായുധരെ സൈന്യം വധിച്ചു; ഈ വര്‍ഷം ഇതുവരെ വധിക്കപ്പെട്ടത് 100 സായുധർ

ഈ വര്‍ഷം കശ്മീരില്‍ വധിക്കപ്പെട്ട സായുധരുടെ എണ്ണം 100 കടന്നതായി കശ്മീര്‍ മേഖല ഐജിയായ വിജയ് കുമാര്‍ പറഞ്ഞു.

Update: 2021-08-24 11:10 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്ന് സായുധരെ വധിച്ചു. ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് സായുധർ കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു.

പ്രദേശത്ത് സായുധർ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയോടെ സുരക്ഷാ സേന സോപോര്‍ മേഖലയിലെ പൈഠ്‌സീറില്‍ തിരച്ചില്‍ നടത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ചൊവ്വാഴ്ച രാവിലെയോടെ തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേരെ സായുധർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലിസ് ഭാഷ്യം.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം കശ്മീരില്‍ വധിക്കപ്പെട്ട സായുധരുടെ എണ്ണം 100 കടന്നതായി കശ്മീര്‍ മേഖല ഐജിയായ വിജയ് കുമാര്‍ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെ കുറ്റകരമായ വസ്തുക്കൾ കണ്ടെടുത്തതായി പോലിസ് പറഞ്ഞു.