റഷ്യയില്‍ സൈനിക വിമാനം തകര്‍ന്നു; മൂന്നു പേര്‍ മരിച്ചതായി സൂചന

മോസ്‌കോ നഗരത്തിന് പുറത്ത് ചൊവ്വാഴ്ചയാണ് സംഭവം. പരിശീലന പറക്കലിനിടെ വിമാനത്തിന്റെ ഒരു ചിറകിന് തീ പിടിക്കുകയായിരുന്നു.

Update: 2021-08-17 13:39 GMT

മോസ്‌കോ: പരിശീലന പറക്കലിനിടെ റഷ്യയില്‍ സൈനിക വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ മരിച്ചതായാണ് സൂചന.

മോസ്‌കോ നഗരത്തിന് പുറത്ത് ചൊവ്വാഴ്ചയാണ് സംഭവം. പരിശീലന പറക്കലിനിടെ വിമാനത്തിന്റെ ഒരു ചിറകിന് തീ പിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയും വനത്തില്‍ പതിക്കുകയുമായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. അപകടം നടക്കുന്ന സമയത്ത് വിമാനത്തില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്.

11112വി സൈനിക യാത്രാവിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം ലാന്‍ഡ് ചെയ്യാനിരിക്കേയാണ് അപകടം. കുബിന്‍ക വ്യോമതാവളത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ വച്ചാണ് വിമാനത്തിന് തീപിടിച്ചത്. എന്‍ജിനില്‍ നിന്നാണ് തീ ഉയര്‍ന്നത്. ആന്റോണോവ് എഎന്‍ 26 എന്ന പഴക്കം ചെന്ന വിമാനത്തിന് പകരം 11112വി സേനയുടെ ഭാഗമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം. യൂണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പറേഷനാണ് വിമാനം നിര്‍മിച്ചത്.

Tags: