യുപിയില്‍ പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം
കുട്ടികള്‍ ഉറങ്ങുമ്പോഴാണ് ആസിഡ് ഒഴിച്ചത്
ലക്‌നോ: യുപിയിലെ ഗോണ്ടയില്‍ പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം. 8, 12, 17 എന്നീ പ്രായത്തിലുള്ള സഹോദരിമാരായ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. കുട്ടികള്‍ ഉറങ്ങുമ്പോഴാണ് ആസിഡ് ഒഴിച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക് നിസാര പൊള്ളലേറ്റു. ഒരാള്‍ക്ക് മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഉടനെ ചികില്‍സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും ഗോണ്ട പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല.
ഹാഥ്‌റസില്‍ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും യുപിയില്‍ പെണ്‍ക്കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരത റിപോര്‍ട്ട് ചെയ്യപെടുന്നത്. പെണ്‍കുട്ടികളെ ആക്രമിക്കാന്‍ ഉപയോഗിച്ച രാസവസ്തു പരിശോധിക്കുകയാണന്നും ഫോറന്‍സിക് സംഘങ്ങള്‍ സ്ഥലത്തെത്തി പോലിസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഗോണ്ട എസ്പി ശൈലേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു.