അൽ അഖ്സയിൽ ഈദ് നമസ്കാരത്തിന് ഒത്തുകൂടിയത് പതിനായിരങ്ങൾ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വ്യോമാക്രമണത്തിൽ ഇതുവരെ 83 പേർ കൊല്ലപ്പെട്ടു.

Update: 2021-05-13 09:46 GMT

​ഗസ: ഫലസ്തീനിലെ ഇസ്രായേൽ ബോംബാക്രമണത്തിനിടയിലും വിശുദ്ധ അൽ അഖ്സ മസ്‍ജിദിൽ ഈദ് നമസ്കാരത്തിന് ഒത്തുകൂടിയത് പതിനായിരങ്ങൾ. നിർഭയത്വത്തോടെ സ്ത്രീകളും കുട്ടികളും പുരുഷൻമാരുമടക്കം പതിനായിരങ്ങളാണ് ഒത്തു ചേർന്നത്. അതേസമയം ​ഗസ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വ്യോമാക്രമണത്തിൽ ഇതുവരെ 83 പേർ കൊല്ലപ്പെട്ടു.


ഈദുൽ ഫിത്വർ ദിനത്തിലും ഇസ്രായേൽ തുടർച്ചയായ വ്യോമാക്രമണം നടത്തുകയാണ്. 17 കുട്ടികളടക്കം 83 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു. 390 ലധികം പേർക്ക് പരിക്കേറ്റതായും സ്ഥിരീകരണമുണ്ട്.


ഹമാസിന്റെ നേതൃത്വത്തിലുള്ള തിരിച്ചടികളെ തുടർന്ന് ആറ് ഇസ്രായേലികളും കൊല്ലപ്പെട്ടു. ഗസയിൽ നിന്ന് ഇസ്രായേലിലെ വിവിധ സ്ഥലങ്ങളിലേക്ക് നൂറുകണക്കിന് റോക്കറ്റുകൾ വർഷിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

ഇസ്രായേലിനുള്ളിലെ പല നഗരങ്ങളിലും ജൂത ഇസ്രായേലികളും ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാരും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്.