ഒമിക്രോണ്‍: നിരോധന ഉത്തരവുകള്‍ കാറ്റില്‍പറത്തി ആഞ്ജനാദ്രി കുന്നുകളില്‍ ഒത്തുകൂടിയത് ആയിരക്കണക്കിന് ഹനുമാന്‍ ഭക്തര്‍

ഹനുമാന്റെ മുമ്പാകെയുള്ള 'ഹനുമാ മല വിസര്‍ജ്ജന' ചടങ്ങിനായി തടിച്ചുകൂടിയ ഭക്തജനങ്ങളുടെ പാരാവാരത്തെ നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും പോലിസ് വകുപ്പും ഏറെ ബുദ്ധിമുട്ടി.

Update: 2021-12-16 13:42 GMT

ബെംഗളൂരു: വര്‍ദ്ധിച്ചുവരുന്ന ഒമിക്രോണ്‍ ഭീതിക്കിടെ നിരോധന ഉത്തരവുകള്‍ ലംഘിച്ച്, ആയിരക്കണക്കിന് ഹനുമാന്‍ ഭക്തര്‍ കൊപ്പാള്‍ ജില്ലയിലെ ആഞ്ജനാദ്രി കുന്നുകളില്‍ വ്യാഴാഴ്ച ഒത്തുകൂടി. ഹനുമാന്റെ മുമ്പാകെയുള്ള 'ഹനുമാ മല വിസര്‍ജ്ജന' ചടങ്ങിനായി തടിച്ചുകൂടിയ ഭക്തജനങ്ങളുടെ പാരാവാരത്തെ നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും പോലിസ് വകുപ്പും ഏറെ ബുദ്ധിമുട്ടി.

കൊപ്പല്‍ ജില്ലയിലെ ഗംഗാവതി താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ആഞ്ജനാദ്രി കുന്നുകള്‍ ഹനുമാന്റെ ജന്മസ്ഥലമായാണ് ഒരു വിഭാഗം കണക്കാക്കുന്നത്. അതിനാല്‍ ഹനുമാന്‍ ഭക്തര്‍ക്കിടയില്‍ ഐതിഹ്യപരമായി ഇതിന് പ്രാധാന്യമുണ്ട്. എല്ലാ വര്‍ഷവും ഹനുമാന്‍ ജയന്തി ദിനത്തില്‍ ആയിരക്കണക്കിന് ഭക്തരാണ് അഞ്ജനാദ്രി കുന്നുകളില്‍ ഒത്തുകൂടാറുള്ളത്. ദീര്‍ഘനാള്‍ ബ്രഹ്മചര്യം ആചരിക്കുന്ന ഭക്തര്‍ അത് ആചാരത്തിലൂടെ ഇവിടെവച്ച് അവസാനിപ്പിക്കുന്നു.

എന്നാല്‍, ഒമിക്രോണിന്റേയും കൊവിഡ് 19ന്റെ മൂന്നാം തരംഗത്തിന്റേയും പശ്ചാത്തലത്തില്‍ കൊപ്പാള്‍ ജില്ലാ ഭരണകൂടം ആഞ്ജനാദ്രി കുന്നിന് സമീപം നിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ആയിരങ്ങളാണ് ഇവിടെ സംഗമിച്ചത്.

മലനിരകളിലേക്കുള്ള ബസ്സുകള്‍ പോലിസ് തടഞ്ഞെങ്കിലും ഭൂരിഭാഗം ഭക്തരും ഉത്തരവുകള്‍ ലംഘിച്ച് ആഞ്ജനാദ്രി കുന്നുകളിലേക്ക് നീങ്ങുകയായിരുന്നു. പ്രധാനപ്പെട്ട മതപരമായ ചടങ്ങുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തെ നിരവധി ഹിന്ദു നേതാക്കളും ഭക്തരും വിമര്‍ശിച്ചു. ഭക്തര്‍ ആഞ്ജനാദ്രി കുന്നുകളിലെത്തി പൂജകള്‍ നടത്തുകയും ഹനുമാന്‍ ദര്‍ശനം നടത്തുകയും ചെയ്തു.

Tags:    

Similar News