ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി ലണ്ടനില്‍ ആയിരങ്ങളുടെ മാര്‍ച്ച്

നാഷനല്‍ ഡമോണ്‍സ്‌ട്രേഷന്‍ ഫോര്‍ ഫലസ്തീന്റെ നേതൃത്വത്തിലാണ് റാലി നടന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി ഫലസ്തീന്‍, ഇസ്രായേല്‍ സംഘര്‍ഷം മൂര്‍ഛിച്ചതിന് പിന്നാലെയാണ് ഐക്യദാര്‍ഢ്യ റാലി.

Update: 2019-05-12 09:49 GMT

ലണ്ടന്‍: ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ അനുവദിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന ഇസ്രായേലിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് സെന്‍ട്രല്‍ ലണ്ടനില്‍ ആയിരങ്ങളുടെ മാര്‍ച്ച്. നാഷനല്‍ ഡമോണ്‍സ്‌ട്രേഷന്‍ ഫോര്‍ ഫലസ്തീന്റെ നേതൃത്വത്തിലാണ് റാലി നടന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി ഫലസ്തീന്‍, ഇസ്രായേല്‍ സംഘര്‍ഷം മൂര്‍ഛിച്ചതിന് പിന്നാലെയാണ് ഐക്യദാര്‍ഢ്യ റാലി.



പോര്‍ട്ട്‌ലാന്റ് പാലസില്‍ ഒരുമിച്ചുകൂടിയ പ്രക്ഷോഭകര്‍ വൈറ്റ്ഹാളിലേക്കു മാര്‍ച്ച് ചെയ്തു. കവി ബെന്‍ജമിന്‍ സെഫാനിയ, റാപ്പര്‍ ലോകീ, രാഷ്ട്രീയപ്രവര്‍ത്തകന്‍ താരിഖ് അലി, സ്റ്റോപ് ദി വാര്‍ കോഅലീഷന്‍ നേതാവ് സല്‍മ യാഖൂബ്, എംപിമാരായ റിച്ചാര്‍ഡ് ബെര്‍ഗന്‍, ദിയാനെ അബോട്ട് തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. ബ്രിട്ടനിലെ ഫലസ്തീന്‍ അംബാസഡര്‍ ഡോ. ഹുസാം സോംലോത്ത്, വെസ്റ്റ്ബാങ്കില്‍ ഇസ്രായേലി സൈനികനെ പ്രതിരോധിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ അഹദ് തമീമി തുടങ്ങിയവര്‍ സംസാരിച്ചു.

ഇടതും വലതുമുള്ള ബ്രിട്ടീഷുകാര്‍ ഈ പരിപാടിയില്‍ ഉണ്ട്. കാരണം ഇത് ഇടതും വലതും തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് തെറ്റും ശരിയും തമ്മിലുള്ള പോരാട്ടമാണ്- ഹുസാം സോംലോത്ത് പറഞ്ഞു.



നിങ്ങള്‍ക്ക് നന്ദി. ഇസ്രായേല്‍ ജയിലില്‍ ആയിരിക്കേ നിങ്ങളുടെ ശബ്ദമാണ് എനിക്ക് ശക്തിപകര്‍ന്നത്. നിങ്ങളുടെ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും ഞങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യത്തിനും നന്ദി- അഹദ് തമീമി പറഞ്ഞു. ഞങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല. നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഞങ്ങള്‍ സ്വയം തിരഞ്ഞെടുത്തതാണ് ആ കഷ്ടപ്പാട്. അനീതി വ്യാപകമായിരിക്കുന്നു. പുഴ മുതല്‍ കടല്‍ വരെ അനീതിയാണ്. എന്നാല്‍, ഫലസ്തീന്‍ ഒരു ദിനം സ്വതന്ത്രമാവും- തമീമിയുടെ വാക്കുകള്‍ വലിയ ആര്‍പ്പുവിളികളോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. 




 


Tags: