സിഎജി അംസബന്ധം എഴുന്നള്ളിച്ചാല്‍ തുറന്നുകാട്ടും; ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുന്നു: തോമസ് ഐസക്ക്
സംസ്ഥാനത്തിന്റെ ധനകാര്യ നിലനില്‍പ്പിന്റെ പ്രശ്‌നമാണിത്. 50000 കോടിയുടെ പദ്ധതികള്‍ ഭരണാനുമതി നല്‍കി. 30000 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചു.
കൊച്ചി: പ്രതിപക്ഷ നേതാവിന് കിഫ്ബിക്കെതിരായ ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യതയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സിഎജി അംസബന്ധം എഴുന്നള്ളിച്ചാല്‍ തുറന്നുകാട്ടും. വീണിടത്ത് കിടന്ന് ഉരുളുന്ന നിലപാടാണ് ചെന്നിത്തലയുടേതെന്നും പ്രസക്തമായ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് മറുപടിയില്ലെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് ലാവ്‌ലിന്‍ കേസ് തുടങ്ങിയതുമായി ബന്ധപ്പെട്ട് ഒന്നാലോചിക്കണം. ഒരു സി.എജി കരട് റിപോര്‍ട്ട് വച്ചാണ് ലാവ്‌ലിന്‍ കേസിന്റെ തുടക്കം. 374 കോടി രൂപ മുടക്കിയതിന് ഒരു ഗുണവും സംസ്ഥാനത്തിന് ഉണ്ടായില്ല എന്നാണ് ആ കരട് റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മൊത്തം പാഴായി പോയി എന്നും കരട് റിപോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇത് ചോര്‍ത്തിയാണ് 10 വര്‍ഷത്തോളം ആറാടിയത്.
പിന്നീട് ഇക്കാര്യം തിരുത്തി സിഎജി പൂര്‍ണ്ണ റിപോര്‍ട്ട് നല്‍കിയപ്പോഴും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പഴയ കരട് റിപ്പോര്‍ട്ടിലെ വിവരമാണ് ഉദ്ധരിച്ചത്. ഇന്നും 374 കോടിയുടെ കണക്കുവെച്ചാണ് പ്രചാരണം. തങ്ങള്‍ക്കതിന്റെ അനുഭവമുണ്ട്. കിഫ്ബിയിലും ഇതാവര്‍ത്തിക്കാമെന്നാണ് പ്രതിപക്ഷ നേതാവും കൂട്ടരും കരുതിയിരുന്നത്. അത് പൊളിഞ്ഞു. അതിന്റെ വെപ്രാളമാണ് കണ്ടത്' ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ധനകാര്യ നിലനില്‍പ്പിന്റെ പ്രശ്‌നമാണിത്. 50000 കോടിയുടെ പദ്ധതികള്‍ ഭരണാനുമതി നല്‍കി. 30000 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചു. സംസ്ഥാന സര്‍ക്കാരിനോട് ഒരിക്കല്‍ പോലും ഇത് ഭരണഘടനാനുസൃമാണോ എന്ന് ചോദിക്കാതെയുള്ള ഒരു റിപോര്‍ട്ട് സിഎജി അല്ല ആരുണ്ടാക്കിയാലും കണ്ടില്ലെന്ന് നടിച്ച് പോകാനാകില്ല. കരട് റിപ്പോര്‍ട്ടിലെ ലക്കും ലഗാനുമില്ലാത്ത പരാമര്‍ശങ്ങളുടെ ഉന്നം രാഷ്ട്രീയ മുതലപ്പെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
