സുരേഷിന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്‌

ഹൃദയാഘാതമാണ് മരണകാരണെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന് വ്യകത്മാകാൻ കൂടുതൽ ശാത്രീയ പരിശോധന ഫലങ്ങള്‍ വരേണ്ടതുണ്ടെന്നാണ് ഡോക്ടർമാരുടെ നിലപാട്.

Update: 2022-03-01 15:28 GMT

തിരുവനന്തപുരം: തിരുവല്ലം പോലിസിന്‍റെ കസ്റ്റഡിയിലിരിക്കെ സുരേഷ് മരിക്കാൻ കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപോർട്ട്. ഹൃദയാഘാതത്തിൻെറ കാരണം വ്യക്തമാകാൻ പത്താളജി പരിശോധന ഫലം കൂടി വരണമെന്ന് ഡോക്ടർമാ‍ർ അറിയിച്ചു. പോസ്റ്റുമോർട്ടതിന് ശേഷം സുരേഷിൻറെ മൃതദേഹം സംസ്കരിച്ചു.

തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഞായറാഴ്ച വൈകുന്നേരം ആക്രമിച്ചതിനാണ് മരിച്ച സുരേഷ് ഉള്‍പ്പെടെ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ 11.30യോടെ സുരേഷ് സ്വകാര്യ ആശുപത്രിയിൽ വച്ചു മരിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പോലിസ് പറയുന്നത്.

എന്നാൽ പോലിസ് മർദ്ദനമാണ് മരണ കാരണമെന്ന നാട്ടുകാർ ആരോപിച്ചതോടെ സബ്-കലക്ടറുടെയും മജിസ്ട്രേറ്റിൻെറയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. സുരേഷിൻെറ ബന്ധുക്കളുടെ സാനിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ്.

മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്നാംഗ ഫൊറൻസിക് ഡോക്ടർമാരുടെ സംഘം പോസ്റ്റുമോർട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന് വ്യകത്മാകാൻ കൂടുതൽ ശാത്രീയ പരിശോധന ഫലങ്ങള്‍ വരേണ്ടതുണ്ടെന്നാണ് ഡോക്ടർമാരുടെ നിലപാട്.