കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ഥിനിയുടെ മരണം: ഐജിയുടെ റിപോര്‍ട്ട് ക്രൈംബ്രാഞ്ച് മടക്കി

റിപോര്‍ട്ടിലെ ചില കണ്ടെത്തലുകളില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഐജി ഗോപേഷ് അഗര്‍വാളിന്റെ റിപോര്‍ട്ട് മടക്കിയത്.

Update: 2020-05-21 15:57 GMT

പത്തനംതിട്ട: തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കാണിച്ച് ഐജി സമര്‍പ്പിച്ച റിപോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി മടക്കി. റിപോര്‍ട്ടിലെ ചില കണ്ടെത്തലുകളില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഐജി ഗോപേഷ് അഗര്‍വാളിന്റെ റിപോര്‍ട്ട് മടക്കിയത്. തിരുവല്ല സിഐയുടെ അന്വേഷണം ശരിവെക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് ഐജി റിപോര്‍ട്ട് നല്‍കിയത്.

തിരുവല്ല പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീ ആകാന്‍ പഠിക്കുകയായിരുന്ന ദിവ്യ പി ജോണിനെയാണ് കഴിഞ്ഞ മെയ് ഏഴാം തീയതി കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവിതയുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ദിവ്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങളും രംഗത്തെത്തിയിരുന്നു. അതേസമയം ദിവ്യയുടെ ശരീരത്തില്‍ അസ്വാഭാവിക പരിക്കുകള്‍ ഇല്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. വീഴ്ചയില്‍ ഉണ്ടായ ചെറിയ മുറിവുകള്‍ മാത്രമാണ് ശരീരത്തില്‍ ഉള്ളത്. ദിവ്യയുടേത് മുങ്ങി മരണമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.അതിനിടെ കേസ് അന്വേഷണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിലടക്കം തിരുവല്ല പോലിസിന്റെ ഭാഗത്ത് പാളിച്ചകളുണ്ടായെന്ന ആരോപണം ഉയര്‍ന്നിരുന്നു. പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയാകാമെന്ന നിഗമനത്തിലായിരുന്നു നേരത്തെ പോലിസ്.

Tags:    

Similar News