വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ തീക്കൊളുത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
നഗരമധ്യത്തില്‍ യുവാവ് പെണ്‍കുട്ടിയെ കുത്തിവീഴ്ത്തിയ ശേഷം തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സമീപത്തുള്ള കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ആണ് പുറത്തു വന്നിരിക്കുന്നത്.
പത്തനംതിട്ട: നഗരമധ്യത്തില്‍ യുവാവ് പെണ്‍കുട്ടിയെ കുത്തിവീഴ്ത്തിയ ശേഷം തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സമീപത്തുള്ള കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ആണ് പുറത്തു വന്നിരിക്കുന്നത്.
അയിരൂര്‍ സ്വദേശിനിയായ 18 വയസുകാരിയെയാണ് പട്ടാപ്പകള്‍ തിരുവല്ല ചിലങ്ക ജങ്ഷനില്‍ വച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലിസ് അറസ്റ്റുചെയ്തു.
നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്‌സി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോവുംവഴിയാണ് യുവാവ് ആക്രമിച്ചത്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന്‍ റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍, അജിനോട് പെണ്‍കുട്ടി ഒരുഘട്ടത്തിലും താല്‍പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും യുവാവ് വിവാഹക്കാര്യം അവതരിപ്പിച്ചെങ്കിലും അവരും തള്ളിപ്പറഞ്ഞതോടെയാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്. ഇന്ന് രാവിലെ ചിലങ്ക ജങ്ഷനില്‍ കാത്തുനിന്ന യുവാവ് പെണ്‍കുട്ടി ക്ലാസിലേക്ക് വരുന്നവഴി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് പെണ്‍കുട്ടിയെ കുത്തിവീഴ്ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
കൈയില്‍ കരുതിയിരുന്ന രണ്ടുകുപ്പി പെട്രോളില്‍ ഒരു കുപ്പി പെട്രോളാണ് യുവതിയുടെ ശരീരത്തേക്ക് ഒഴിച്ചത്. തീക്കൊളുത്തിയ നിലയില്‍ പെണ്‍കുട്ടി നിലവിളിക്കുന്നതുകണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
