മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍

Update: 2024-06-09 18:23 GMT

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍.ഡി.എ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചെല്ലി കൊടുത്തു. കേരളത്തില്‍ നിന്നും നടനും തൃശൂരില്‍ നിന്നും നിയുക്ത എം.പിയുമായ സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

72 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്. ഇതില്‍ 30 പേര്‍ക്ക് കാബിനറ്റ് പദവിയും 6 പേര്‍ക്ക് സ്വതന്ത്ര ചുമതലയും 36 പേര്‍ക്ക് സഹമന്ത്രി സ്ഥാനവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മോദിക്ക് പിന്നാലെ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ.പി. നഡ്ഡ, ശിവരാജ് സിങ് ചൗഹാന്‍, നിര്‍മല സീതാരാമന്‍, ഡോ. എസ്. ജയ്ശങ്കര്‍, മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവര്‍ ഒന്ന് മുതല്‍ എട്ട് വരെ യഥാക്രമം സത്യവാചകം ചൊല്ലി. നിര്‍മല സീതാരാമന്‍, അന്നപൂര്‍ണ ദേവി, അനുപ്രിയ പട്ടേല്‍, ശോഭ കരന്തലാജെ, രക്ഷാ നികില്‍ ഖദ്‌സെ, സാവിത്രി ഠാക്കൂര്‍, നിംബുഎന്‍ ബംഭനിയ എന്നിവരാണ് മന്ത്രിസഭയിലെ വനിതകള്‍.

എച്ച്.ഡി. കുമാരസ്വാമി (ജെ.ഡി.എസ്), ജിതന്‍ റാം മാഞ്ചി (ഹിന്ദുസ്ഥാനി അവാം മോര്‍ച്ച-എസ്), രാജീവ് രഞ്ജന്‍ സിങ് (ലലന്‍ സിങ്-ജെ.ഡി.യു), കിഞ്ചിരപു റാം മോഹന്‍ നായിഡു (ടി.ഡി.പി), ചിരാഗ് പാസ്വാന്‍ (എല്‍.ജെ.പി), പ്രതാപ് റാവു ഗണപത് റാവു ജാദവ് (ശിവസേന -ഷിന്‍ഡെ), ജയന്ത് ചൗധരി (ആര്‍.എല്‍.ഡി), രാംദാസ് അത്തേവാല (ആര്‍.പി.ഐ), രാംനാഥ് ഠാക്കൂര്‍ (ജെ.ഡി.യു), അനുപ്രിയ പട്ടേല്‍ (അപ്നാദള്‍) എന്നിവരാണ് മന്ത്രിസഭയിലെ ഘടകകക്ഷി പ്രതിനിധികള്‍.

കേന്ദ്ര മന്ത്രിമാരായി രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ.പി. നഡ്ഡ, ശിവരാജ് സിങ് ചൗഹാന്‍, നിര്‍മല സീതാരാമന്‍, ഡോ. എസ്. ജയ്ശങ്കര്‍, മനോഹര്‍ ലാല്‍ ഖട്ടര്‍, എച്ച്.ഡി. കുമാരസ്വാമി (ജെ.ഡി.എസ്), പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, ജിതന്‍ റാം മാഞ്ചി (ഹിന്ദുസ്ഥാനി അവാം മോര്‍ച്ച-എസ്), രാജീവ് രഞ്ജന്‍ സിങ് (ലലന്‍ സിങ്-ജെ.ഡി.യു), സര്‍ബാനന്ദ സോനോവാള്‍, ഡോ. വീരേന്ദ്ര കുമാര്‍, കിഞ്ചിരപു റാം മോഹന്‍ നായിഡു (ടി.ഡി.പി), പ്രഹ്ലാദ് ജോഷി, ജുവല്‍ ഒറാം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദര്‍ യാദവ്, ഗജേന്ദ്ര സിങ് ഷെഖാവത്ത്, അന്നപൂര്‍ണ ദേവി, കിരണ്‍ റിജുജു, ഹര്‍ദീപ് സിങ് പുരി, ഡോ. മന്‍സൂക് മാണ്ഡവ്യ, ജി. കിഷന്‍ റെഡ്ഡി, ചിരാഗ് പാസ്വാന്‍ (എല്‍.ജെ.പി), സി.ആര്‍. പാട്ടീല്‍, റാവു ഇന്ദര്‍ജിത് സിങ്, ജീതേന്ദ്ര സിങ് എന്നിവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തതു.

ഇവരെ കൂടാതെ, അര്‍ജുന്‍ രാം മെഗ് വാള്‍, പ്രതാപ് റാവു ഗണപത് റാവു ജാദവ് (ശിവസേന -ഷിന്‍ഡെ), ജയന്ത് ചൗധരി (ആര്‍.എല്‍.ഡി), ജിതിന്‍ പ്രസാദ, ശ്രീപാദ് യശോ നായിക്, പങ്കജ് ചൗധരി, കൃഷ്ണന്‍ പാല്‍, രാംദാസ് അത്തേവാല (ആര്‍.പി.ഐ), രാംനാഥ് ഠാക്കൂര്‍ (ജെ.ഡി.യു), നിത്യാനന്ദ് റായ്, അനുപ്രിയ പട്ടേല്‍ (അപ്നാദള്‍), വി. സോമണ്ണ, ചന്ദ്രശേഖര്‍ പെമ്മസാനി, പ്രഫ. എസ്.പി. സിങ് ബഗല്‍, ശോഭ കരന്തലാജെ, കീര്‍ത്തി വര്‍ധന്‍ സിങ്, ബി.എല്‍. വര്‍മ, ശാന്തനു ഠാക്കൂര്‍, സുരേഷ് ഗോപി, എല്‍. മുരുകന്‍, അജയ് ഡംട, ബണ്ഡി സഞ്ജയ് കുമാര്‍, കമലേശ് പാസ്വാന്‍, ഭഗീരഥ് ചൗധരി, സതീഷ് ചന്ദ്ര ദുവെ, സഞ്ജയ് സേത്, രവ്‌നീത് സിങ്, ദുര്‍ഗ ദാസ് ഉയ്‌കെ, രക്ഷാ നികില്‍ ഖദ്‌സെ, സുകാന്ദ മജുംദാര്‍, സാവിത്രി ഠാക്കൂര്‍, തൊഖന്‍ സാഹു, രാജ് ഭൂഷന്‍ ചൗധരി, ഭൂപതി രാജു ശ്രീനിവാസ വര്‍മ, ഹര്‍ഷ് മല്‍ഹോത്ര, നിംബുഎന്‍ ബംഭനിയ , മുരളീധര്‍ മൊഹൂര്‍, ജോര്‍ജ് കുര്യന്‍, പബിത്ര മാര്‍ഗരിറ്റ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ മറ്റുള്ളവര്‍.


ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖം കൂടിയാണ് കോട്ടയം കാണക്കാരി സ്വദേശിയായ ജോര്‍ജ് കുര്യന്‍. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം ദേശീയ ന്യൂനപക്ഷ കമീഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍ ആണ്. നേരത്തെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. ദേശീയതലത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ പാര്‍ട്ടിയിലെത്തിക്കാന്‍ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് അദ്ദേഹം.