വീട്ടില്‍ ഉറങ്ങികിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി കവര്‍ച്ച; മോഷ്ടാവ് പിടിയില്‍, പിടിയിലായത് നൂറോളം മോഷണക്കേസുകളിലെ പ്രതി

ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശിയും ഇപ്പോള്‍ പെരുമണ്ണക്ക് അടുത്ത് പാറക്കണ്ടത്തുള്ള ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ അനസ് എന്ന ഹ്യുണ്ടായ് അനസ്(32) ആണ് പിടിയിലായത്.

Update: 2020-01-16 13:00 GMT

പന്തീരാങ്കാവ് (കോഴിക്കോട്): ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തില്‍നിന്നും ആഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്യുന്ന മോഷ്ടാവിനെ പന്തീരാങ്കാവ് പോലിസ് അറസ്റ്റ് ചെയ്തു. ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശിയും ഇപ്പോള്‍ പെരുമണ്ണക്ക് അടുത്ത് പാറക്കണ്ടത്തുള്ള ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ അനസ് എന്ന ഹ്യുണ്ടായ് അനസ്(32) ആണ് പിടിയിലായത്. സിഐ ബൈജു കെ ജോസിന്റെയും സബ് ഇന്‍സ്‌പെക്ടര്‍ വി എം ജയന്റെയും നേതൃത്വത്തില്‍ പന്തീരങ്കാവ് പോലിസും സിറ്റി സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇയാളെ വലയിലാക്കിയത്.

മെഡിക്കല്‍ കോളജ്, പന്തീരാങ്കാവ്, നല്ലളം പോലിസ് സ്‌റ്റേഷന്‍ പരിധികളിലെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം മെയില്‍ മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കുറ്റിക്കാട്ടൂരിനടുത്ത് ഗോശാലക്കുന്ന് ഹുസൈന്‍ എന്നയാളുടെ വീട്ടില്‍ മാതാവിനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുബാലികയെ എടുത്തുകൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയും ശേഷം കുഞ്ഞിനെ ടെറസില്‍ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ മാതാപിതാക്കള്‍ മഴയത്ത് കിടന്ന് കരയുന്ന കുഞ്ഞിനെയാണ് കണ്ടത്. പേടിച്ചുപോയ കുഞ്ഞിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ആഴ്ചകളോളം ചികിത്സ ആവശ്യമായി വന്നിരുന്നു.

രണ്ടാഴ്ചയ്ക്കുശേഷം പ്രതി താമസിക്കുന്ന പെരുമണ്ണ പാറക്കണ്ടത്തുള്ള ഫ്‌ലാറ്റിന് സമീപം താമസിക്കുന്ന മാമുക്കോയ എന്നവരുടെ വീട്ടിലും സമാന രീതിയില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ടുപോയി പോയി ചെയിനും തണ്ടയും അരഞ്ഞാണവും കവര്‍ന്നെടുത്ത് കുഞ്ഞിനെ ടെറസില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നാട്ടുകാര്‍ മോഷണത്തിനു പിന്നില്‍ ഇതരസംസ്ഥാനക്കാര്‍ ആണെന്ന് സംശയം ഉന്നയിക്കുകയും അപ്രകാരം പോലിസ് ഇതരസംസ്ഥാനക്കാരില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. പുത്തൂര്‍ മഠം, പെരുമണ്ണ, പന്തീരാങ്കാവ് ഭാഗങ്ങളില്‍ ഇത്തരത്തില്‍ മോഷണങ്ങള്‍ തുടര്‍ക്കഥയാകുന്നത് പോലിസിനും ജനങ്ങള്‍ക്കും വലിയ തലവേദനയായിരുന്നു.കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം ഇത്തരത്തില്‍ മോഷണം നടത്തുന്നവരുടെ പട്ടിക തയ്യാറാക്കി അന്വേഷണം നടത്തി വരവെ പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റസമ്മതം നടത്തുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

വര്‍ഷങ്ങളായി രാത്രികാലങ്ങളില്‍ ഇറങ്ങി നടന്ന് വീടുകളില്‍ ഒളിഞ്ഞുനോക്കുന്ന ശീലമായിരുന്നു മോഷണത്തിലേക്ക് തിരിയുവാന്‍ അനസിന് പ്രചോദനമായത്. മുന്‍പും നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കോഴിക്കോട് ജില്ലയിലെ ടൗണ്‍, പന്നിയങ്കര, നല്ലളം, മെഡിക്കല്‍ കോളജ്, കുന്നമംഗലം, കസബ തുടങ്ങിയ സ്‌റ്റേഷനുകളിലായി നൂറോളം കേസുകള്‍ നിലവിലുണ്ട്. പല കേസുകളും വിചാരണ ഘട്ടത്തിലാണ്.മോഷണമുതലുകള്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ജ്വല്ലറികളില്‍ വില്‍പ്പന നടത്തിയതായി പോലിസ് കണ്ടെത്തി.

മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം മുംബൈ, ഗോവ പോലുള്ള സ്ഥലങ്ങളില്‍ ആര്‍ഭാട ജീവിതം നയിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിനും വേണ്ടിയായിരുന്നു പ്രധാനമായും ചിലവഴിച്ചത്. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പോലിസ് അന്വേഷണം ആരംഭിച്ചു.

ഒറ്റ നിലയിലുള്ള ടെറസ് ഇട്ടതും അകത്ത് നിന്നും കോണിപ്പടികള്‍ ഉള്ളതുമായ വീടുകളുടെ കോണിക്കൂട് പൊളിച്ച് അകത്ത് കടന്നും ഉഷ്ണമേറിയ കാലാവസ്ഥയില്‍ ജനല്‍ തുറന്നിട്ട് ഉറങ്ങുന്ന വീടുകളുടെ ജനല്‍ വഴി കൈ കടത്തിയും കമ്പ് ഉപയോഗിച്ചും ആയിരുന്നു മോഷണം നടത്തി വരാറുളളത്. പല വീടുകളില്‍ നിന്നും മൊബൈല്‍ഫോണ്‍ മോഷ്ടിച്ചിട്ടുണ്ടെങ്കിലും പോലിസ് പിടികൂടുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയിലും മറ്റും ഉപേക്ഷിക്കുകയാണ് പതിവ്.

പെരുമണ്ണ പൊന്നാരിത്താഴം അബ്ദുസ്സലീമിന്റെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ ശരീരത്തില്‍ നിന്നും സ്വര്‍ണ്ണത്തിന്റെ രണ്ട് ചെയിനും 2 ബ്രെയ്സ്ലറ്റും 2 മുത്തുവളകളും പാറക്കണ്ടത്ത് മുഹമ്മദലിയുടെ വീട്ടില്‍നിന്നും മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണവും പാറക്കണ്ടത്ത് ഷിനോജിന്റെ വീട്ടില്‍ നിന്നും 3 പവന്‍ സ്വര്‍ണാഭരണങ്ങളും വെള്ളായിക്കോട് പിലാതോട്ടത്തില്‍ ബഷീറിന്റെ വീട്ടില്‍നിന്നും ഒന്നര പവന്റെ മാലയും ഇരിങ്ങല്ലൂര്‍ എളവനമീത്തല്‍ പുല്‍പറമ്പില്‍ ഷിജിത്തിന്റെ ഭാര്യയുടെ താലിമാലയും നല്ലളം കയറ്റിയില്‍ കൂനാടത്ത് സുമയ്യയുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.സിറ്റി സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹന്‍ദാസ് , മുഹമ്മദ് ഷാഫി.എം,സജി.എം, ഷാലു.എം, അഖിലേഷ്.കെ, ഹാദില്‍ കുന്നുമ്മല്‍, നവീന്‍.എന്‍, ജിനേഷ്.എം പന്തീരാങ്കാവ് സ്‌റ്റേഷനിലെ എസ്.ഐ മുരളീധരന്‍,ഉണ്ണി എന്നിവരുള്‍പ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News