വിദ്യാര്‍ഥികളുടെ പരാതി; വിവേക് അഗ്‌നിഹോത്രിക്ക് വിലക്കേര്‍പ്പെടുത്തി ഓക്‌സ്ഫഡ് സര്‍വകലാശാല

Update: 2022-05-31 16:18 GMT

ന്യൂഡല്‍ഹി: 'കശ്മീര്‍ ഫയല്‍സ്' സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ പ്രഭാഷണത്തിന് വിലക്കേര്‍പ്പെടുത്തി ഓക്‌സ്ഫഡ് സര്‍വകലാശാല. വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലൂടെ വിവേക് അഗ്‌നിഹോത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചില വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് പരിപാടിയില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് സര്‍വകലാശാല അറിയിച്ചെന്ന് സംവിധായകന്‍ വെളിപ്പെടുത്തി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് വിവേക് അഗ്‌നിഹോത്രി പറഞ്ഞു.

പരിപാടി റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഓക്‌സ്ഫഡ് വിദ്യാര്‍ഥി യൂനിയനെതിരേ അഗ്നിഹോത്രി രംഗത്തെത്തി. ഓക്‌സ്‌ഫോര്‍ഡ് യൂനിയനെ 'ഹിന്ദുഫോബിക്' ആണെന്ന് കുറ്റപ്പെടുത്തി. തന്റെ പോരാട്ടത്തിന് പിന്തുണ നല്‍കാന്‍ നെറ്റിസണ്‍സിനോട് അഗ്നിഹോത്രി ആഹ്വാനം ചെയ്തു.

'ഹിന്ദുഫോബിക് ആയ ഓക്‌സ്ഫര്‍ഡ് യൂനിയനില്‍ മറ്റൊരു ഹൈന്ദവ ശബ്ദത്തിന് വിലക്കേര്‍പ്പെടുത്തി. അവര്‍ എന്നെ റദ്ദാക്കി. വാസ്തവത്തില്‍, അവര്‍ ഹിന്ദു വംശഹത്യയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ന്യൂനപക്ഷമായ ഹിന്ദു വിദ്യാര്‍ത്ഥികളേയുമാണ് റദ്ദാക്കിയത്. പാകിസ്താനിയെ ആണ് പ്രസിഡന്റായി തിരഞ്ഞെടുത്തിട്ടുള്ളത്. ദയവായി ഇത് പരമാവധി ഷെയര്‍ ചെയ്ത് ഏറെ ബുദ്ധിമുട്ടേറിയ ഈ പോരാട്ടത്തില്‍ എന്നെ പിന്തുണയ്ക്കൂ. വീഡിയോ പങ്കിട്ടുകൊണ്ട് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം കേംബ്രിഡ്ജ് സര്‍വകലാശാലയിലും അഗ്നിഹോത്രിയുടെ പരിപാടിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഹിന്ദുത്വര്‍ മുസ് ലിം വിരുദ്ധ പ്രചാരണത്തിന് ഉപയോഗിച്ച ബോളിവുഡ് ചിത്രം 'ദ് കശ്മീര്‍ ഫയല്‍സ്' ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കശ്മീര്‍ ഫയല്‍സ് ചിത്രം പ്രദര്‍ശിപ്പിച്ച തിയ്യറ്ററുകളില്‍ മുസ് ലിംകള്‍ക്കെതിരേ വംശഹത്യാ ആഹ്വാനങ്ങളും ഉയര്‍ന്നു. മത സൗഹാര്‍ദത്തെ ബാധിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടി സിംഗപ്പൂര്‍ ചിത്രം വിലക്കിയിരുന്നു.