ഉന്നാവോ പെണ്‍കുട്ടിയെ കുല്‍ദീപ് പീഡിപ്പിച്ചെന്ന് സിബിഐ; വെട്ടിലായി ബിജെപി
കൂടാതെ പെണ്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നല്‍കിയ പരാതി മുഖ്യമന്ത്രി അവഗണിച്ചതായും സിബിഐ ബോധിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഉന്നാവോ പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ ലൈംഗീകമായി ആക്രമിച്ചെന്ന് സിബിഐ കണ്ടെത്തല്‍. ഇതോടെ ബിജെപിയെ കൂടുതല്‍ വെട്ടിലാക്കിയിരിക്കുകയാണ് സിബിഐ കണ്ടെത്തല്‍.കൂടാതെ പെണ്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നല്‍കിയ പരാതി മുഖ്യമന്ത്രി അവഗണിച്ചതായും സിബിഐ ബോധിപ്പിച്ചിട്ടുണ്ട്.കേസിന്റെ വിചാരണയ്ക്കിടെ ഡല്‍ഹിയിലെ തീസ്ഹസാര്‍ കോടതിയിലായിരുന്നു സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
ജോലി വാഗ്ദാനം ചെയ്ത് അനുയായി ശശി സിങ് എന്ന സ്ത്രീയുടെ സഹായത്തോടെ 2017 ജൂണ്‍ 4നു പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. പീഡന പരാതിയില്‍ ദിവസങ്ങളോളം പ്രതികരിച്ചില്ലെന്നാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥിനെതിരായ ആരോപണം. കേസില്‍ നേരത്തേ ലഖ്‌നൗ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നതായും പെണ്‍കുട്ടിയുടെ ആരോപണം ശരിവെയ്ക്കുന്നതായിരുന്നു അതിലെ കണ്ടെത്തലുകളെന്നും സിബിഐ കോടതിയെ അറിയിച്ചു. വാദം കേട്ടു മടങ്ങിപ്പോകുന്ന വഴി പെണ്‍കുട്ടിയുടെ അച്ഛനെ അതിക്രൂരമായി മര്‍ദ്ദിച്ചു, നാടന്‍ തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് വ്യാജക്കേസ് എടുത്തു എന്നീ കാര്യങ്ങളും സിബിഐ ശരിവെച്ചു.
പെണ്‍കുട്ടിയുടെ സുരക്ഷിതത്വത്തില്‍ കോടതി ഇന്നലെ ആശങ്ക രേഖപ്പെടുത്തി. കോടതിനിര്‍ദേശപ്രകാരം ഇതേക്കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ട് സിബിഐ കോടതിക്കു കൈമാറി. പെണ്‍കുട്ടിയെ പരിപാലിക്കുന്നവരുടെ താമസം, ചെലവ്, അവര്‍ക്കു നല്‍കുന്ന അലവന്‍സ് എന്നീ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.