'താജ്മഹലില്‍ ഹിന്ദുദൈവങ്ങളുടെ വിഗ്രഹങ്ങളില്ല'; ആരോപണം തള്ളി ആര്‍ക്കിയോളജിക്കല്‍ വകുപ്പ്

Update: 2022-05-17 02:37 GMT
ന്യൂഡല്‍ഹി: താജ്മഹലില്‍ ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന വാദം തള്ളി എഎസ്‌ഐ (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ). താജ്മഹലിലെ പൂട്ടിക്കിടക്കുന്ന മുറികള്‍ അറ്റകുറ്റപ്പണികള്‍ക്കായി അടുത്തിടെ തുറന്നിരുന്നുവെന്നും മുറികള്‍ക്കുള്ളില്‍ ഒന്നും കണ്ടെത്തിയില്ലെന്നും എഎസ്‌ഐ വ്യക്തമാക്കി. ചില മുറികളുടെ ചിത്രങ്ങളും എഎസ്‌ഐ പുറത്തുവിട്ടിരുന്നു. താജ്മഹലിലെ മുറികള്‍ എക്കാലവും അടച്ചിടാറില്ലെന്നും പല തവണ അറ്റകുറ്റപ്പണികള്‍ക്കായി എല്ലാ മുറിയും തുറക്കാറുണ്ടെന്നും എഎസ്‌ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് അവസാനം തുറന്നത്. മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളൊന്നുമില്ല. എഎസ്‌ഐയുടെ വെബ്‌സൈറ്റില്‍ മുറികളുടെ ചിത്രങ്ങളുണ്ടെന്നും ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും എഎസ്‌ഐ വ്യക്തമാക്കി. താജ്മഹലില്‍ വിഗ്രഹങ്ങളുണ്ടെന്ന വാദവുമായി ബിജെപി നേതാവ് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. രൂക്ഷമായ വിമര്‍ശനങ്ങളോടെ ഹര്‍ജി തള്ളിയെങ്കിലും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹര്‍ജിക്കാരന്‍ പറഞ്ഞത്.

താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന അവകാശവാദവുമായി ബിജെപി എംപി രംഗത്തെത്തിയിരുന്നു. ജയ്പൂര്‍ രാജകുടുംബത്തില്‍ നിന്ന് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ദിയ കുമാരി പറഞ്ഞു. താജ്മഹല്‍ നില്‍ക്കുന്ന ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

'കേസ് കോടതിയുടെ പരിഗണനയിലാണ്. താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്നത്തെ സാഹചര്യം എന്തായിരുന്നെന്ന് അറിയാത്തതിനാല്‍ ഭൂമി തങ്ങളുടെതാണെന്ന് പറയുന്നില്ല. എന്നാല്‍ ഇതുസംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടാല്‍ നല്‍കും ദിയ കുമാരി പറഞ്ഞു. താജ് മഹലിനുള്ളിലെ മുറികള്‍ എന്തിനാണ് പൂട്ടിയിട്ടിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയണം. ധാരാളം മുറികള്‍ സീല്‍ ചെയ്ത അവസ്ഥയിലാണ്. ഇതിനുള്ളില്‍ എന്താണുള്ളതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു.

Similar News