നബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്‍ കവര്‍ന്നു

Update: 2023-09-30 06:46 GMT

കണ്ണൂര്‍: വീട്ടുകാര്‍ നബിദിനാഘോഷത്തിനു പോയ സമയത്ത് മോഷണം. 35 പവന്‍ കവര്‍ന്നു. പരിയാരം ചിതപ്പിലെപൊയില്‍ പളുങ്കു ബസാറിലെ നാജിയാ മന്‍സിലില്‍ അബ്ദുല്ലയുടെ വീട്ടില്‍നിന്നാണ് 35 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും രേഖകളും കവര്‍ന്നത്. അബ്ദുല്ലയും കുടുംബവും വെള്ളിയാഴ്ച രാത്രി എട്ടോടെ വീട് പൂട്ടി സമീപത്തെ പള്ളിയില്‍ നബിദിനാഘോഷ പരിപാടികള്‍ക്ക് പോയപ്പോഴാണ് മോഷണം. വീടിന്റെ പിന്‍ഭാഗത്തെ ജനല്‍ ഗ്രില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. രാത്രി ഒന്നോടെ വീട്ടുകാര്‍ പള്ളിയില്‍ നിന്നെത്തിയപ്പോഴാണ് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രി 9.50നാണ് ഗ്രില്‍സ് മുറിച്ചതെന്നാണ് സിസിടിവിയില്‍ നിന്ന് വ്യക്തമായത്. പ്രവാസിയായ അബ്ദുല്ല അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

Tags: