വി സി ഉത്തരവ് നടപ്പാക്കിയില്ല; 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍ വിജ്ഞാപനമിറക്കി

91 സെനറ്റ് അംഗങ്ങളേയും സര്‍വകലാശാലയേയും ഈ വിവരം അറിയിക്കുകയും ചെയ്തു.

Update: 2022-10-19 16:23 GMT

തിരുവനന്തപുരം: സെനറ്റ് യോഗം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ കേരള സര്‍വകലാശാലയിലെ 15 അംഗങ്ങളെ പുറത്താക്കിയ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി അംഗീകരിക്കാത്ത വി സിക്ക് 15 പേരേയും സ്വന്തം നിലയില്‍ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി. 91 സെനറ്റ് അംഗങ്ങളേയും സര്‍വകലാശാലയേയും ഈ വിവരം അറിയിക്കുകയും ചെയ്തു.

15 പേരെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല വി സി ഡോ. വി പി മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. പുറത്താക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നായിരുന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് പുറമെ ഗവര്‍ണര്‍ പുറത്താക്കിയവര്‍ക്ക് നവംബര്‍ നാലിന് നടക്കുന്ന സ്‌പെഷ്യല്‍ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനുള്ള കത്ത് അയച്ച് സര്‍വകലാശാല മുന്നോട്ടുപോകുന്നതിനിടെയാണ് 15 അംഗങ്ങളേയും പുറത്താക്കി ഗവര്‍ണര്‍ തന്നെ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

ഉടനടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് വി സിക്ക് ഗവര്‍ണര്‍ കത്ത് നല്‍കിയത്. എന്നാല്‍ ശിക്ഷാനടപടി വിജ്ഞാപനം ചെയ്തിരുന്നില്ല. ഇതിനിടെ വി സി ഉത്തരവ് നടപ്പാക്കാതെ ശബരിമലയ്ക്കു പോയി. ഇതോടെയാണ് അസാധാരണ നടപടിയുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

Tags:    

Similar News