നരേന്ദ്ര മോദിയെ ജനം ബഹിഷ്‌കരിക്കുന്ന കാലം വരും: അബ്ദുല്‍ മജീദ് ഫൈസി

Update: 2020-12-27 10:31 GMT

മലപ്പുറം: കര്‍ഷകരെയും മത ന്യൂനപക്ഷങ്ങളെയും ദ്രോഹിക്കുന്ന നിലപാട് തുടരുന്ന പക്ഷം നരേന്ദ്രമോദിയുടെ പ്രഭാഷണം മാത്രമല്ല അദ്ദേഹത്തെ തന്നെ ഇന്ത്യന്‍ ജനത ബഹിഷ്‌കരിക്കുന്ന കാലം വരുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി മലപ്പുറത്ത് പറഞ്ഞു. പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മലപ്പുറം കുന്നുമ്മല്‍ ജംഗ്ഷനില്‍ എസ്ഡിപിഐ മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്നവരോട് മാന്യമായ ചര്‍ച്ചക്ക് തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ മന്‍കീ ബാതിനെതിരേ പാത്രം കൊട്ടി പ്രതിഷേധത്തിന് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. ആള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതിയുടെ ആഹ്വാന പ്രകാരമാണ്. 'ചോഡോ മന്‍കീ ബാത്, സുനോ കിസാന്‍ കീ ബാത് ' എന്ന പേരില്‍ ഇന്ന് സംസ്ഥാന വ്യാപകമായി എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചത്.

ഭക്ഷ്യ സുരക്ഷയെ സാരമായി ബാധിക്കുന്ന മൂന്ന് നിയമങ്ങളാണ് ജനാധിപത്യ മര്യാദകള്‍ ഒട്ടും പാലിക്കാതെ പാര്‍ലമെന്റില്‍ ചുട്ടെടുത്തിട്ടുള്ളത്. ഇതിലൂടെ മാര്‍ക്കറ്റിന്റെ നിയന്ത്രണം ബിജെപി കോര്‍പറേറ്റ് ഭീമന്മാരുടെ കാല്‍ക്കല്‍ അടിയറ വെച്ചിരിക്കുകയാണ്. ഈ ഫാഷിസ്റ്റ് - മുതലാളിത്ത സഖ്യത്തെ തകര്‍ക്കുവാന്‍ ജനലക്ഷങ്ങള്‍ കര്‍ഷകരോട് കൈ കോര്‍ത്തിരിക്കുകയാണെന്നും ഈ സമരം വിജയം കാണുമെന്നും മജീദ് ഫൈസി പറഞ്ഞു. പികെ അബ്ദുസ്സലാം എസ്ഡിപിഐ മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ്, നസറദ്ദീന്‍ സിപി മലപ്പുറം മണ്ഡലം കമ്മിറ്റി ട്രഷറര്‍, ബഷീര്‍ സികെ മണ്ഡലം കമ്മിറ്റി അംഗം, അബൂബക്കര്‍ പി മുനിസിപ്പല്‍ കമ്മിറ്റി ട്രഷറര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.