കല്ലു കൊണ്ടുവരാന്‍ പറ്റുന്നില്ല; വിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍ ഇടപെടണം; സര്‍ക്കാരിനോട് അദാനി ഗ്രൂപ്പ്

നഷ്ടത്തിന്റെ കണക്കുകളും ഉള്‍പ്പെടുത്തിയാണ് റിപോര്‍ട്ട് നല്‍കിയത്. സമരത്തിന്റെ പ്രത്യാഘാതം ആറുമാസം വരെ പദ്ധതിയെ ബാധിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Update: 2022-10-08 11:08 GMT

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് മൽസ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ നിര്‍മ്മാണത്തിനായി കല്ല് കൊണ്ടുവരാനോ, നിര്‍മ്മാണം നടത്താനോ സാധിക്കുന്നില്ലെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് ചീഫ് സെക്രട്ടറി ഡോ. വിപി ജോയിക്ക് റിപോര്‍ട്ട് നല്‍കി.

നഷ്ടത്തിന്റെ കണക്കുകളും ഉള്‍പ്പെടുത്തിയാണ് റിപോര്‍ട്ട് നല്‍കിയത്. സമരത്തിന്റെ പ്രത്യാഘാതം ആറുമാസം വരെ പദ്ധതിയെ ബാധിക്കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മുടങ്ങിയിരിക്കുകയാണെന്നും പോലിസ് സംരക്ഷണം വേണമെന്നും കാണിച്ച് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമപീച്ചിരുന്നു. ഈ ഹരജി പരിഗണിച്ച ഹൈക്കോടതി, മൽസ്യ തൊഴിലാളികളുടെ സമര പന്തല്‍ പന്തല്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന് നിര്‍ദേശിച്ചു.

അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട്‌സ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ, സമരം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ മൽസ്യ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന നിലപാടില്‍ സമരസമിതി ഉറച്ചുനില്‍ക്കുകയായിരുന്നു.