കൈവശമുള്ള ഭൂമിയുടെ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ

രാജ്യമെമ്പാടും ആധാറും, ആധാരവും ലിങ്ക് ചെയ്യാന്‍ നേരത്തെ നരേന്ദ്ര മോദി സർക്കാർ ആലോചിച്ചിരുന്നു.

Update: 2020-02-16 17:08 GMT

തിരുവനന്തപുരം: വ്യക്തികളുടെ കൈവശമുള്ള ഭൂമിയുടെ വിവരങ്ങൾ അടങ്ങിയ തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉത്തവിറക്കി. ആർഇഎൽഐഎസ് സോഫ്റ്റ് വെയറിൽ ഭൂവുടമകളുടെ വിവരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള അനുമതി നൽകിക്കൊണ്ടാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ വിവിധ തണ്ടപ്പേരിലുള്ള ഭൂമികൾ ഒരു നമ്പറിലേക്ക് ക്രോഡീകരിക്കപ്പെടും.

സംസ്ഥാനത്തെ എല്ലാ പൗരൻമാര്‍ക്കും ആധാർ അധിഷ്ഠിത യൂനീക് തണ്ടപ്പേർ നടപ്പിലാക്കുകയാണ് നടപടിയുടെ ലക്ഷ്യം. ലാന്റ് റവന്യൂ കമ്മീഷണറുടെ ശുപാർശ അംഗീകരിച്ച് ഗവർണറുടെ ഉത്തരവ് പ്രകാരം സംസ്ഥാന റവന്യൂ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

പുതിയ നിർദേശം നടപ്പിലാവുന്നതോടെ ഒരാളുടെ പേരിൽ വിവിധ വിലാസങ്ങളിൽ സംസ്ഥാനത്തെവിടെയും രജിസ്റ്റർ ചെയ്ത സ്ഥലങ്ങൾ ഒറ്റ തണ്ടപ്പേരിൽ ഉൾക്കൊള്ളിക്കാനും പരിധിയിലേറെ ഭൂമി കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും കഴിയുമെന്നാണ് വിലയിരുത്തൽ. നിലവിൽ 15 ഏക്കറാണ് ഒരാൾക്കു പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമി. ഭൂപരിഷ്കരണ നിയമത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചുള്ള പരിഷ്കരണങ്ങളുടെ ഭാഗമായാണ് നടപടി.

യുനീക് തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഭൂവുടമകൾക്ക് തണ്ടപ്പേരിനൊപ്പം പ്രത്യേക തിരിച്ചറിയൽ നമ്പറും ലഭ്യമാവും. ഇതോടെ ഓരോരുത്തരുടെയും മുഴുവൻ ഭൂവിവരങ്ങളും ഇതുമായി ലിങ്ക് ചെയ്യും. പട്ടയ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരിനെയാണ് "തണ്ടപ്പേര്" എന്ന് വിളിക്കുന്നത്. എന്നാൽ, ഈ വിവരങ്ങളുമായി ആധാർ ലിങ്ക് ചെയ്യാൻ ഉടമകളെ നിർബന്ധിക്കില്ലെന്നാണ് പുറത്തുവരുന്ന ആദ്യ റിപോർട്ടുകൾ.

ജനുവരിയിൽ തന്നെ പദ്ധതി നടപ്പാക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്നിരുന്ന വിവരങ്ങൾ. 15 ഏക്കര്‍ ഭൂമിയുള്ള പതിനായിരക്കണക്കിന് ആളുകളാണ് കേരളത്തിലുള്ളത്. 15 ഏക്കറില്‍ കൂടുതലുള്ളവര്‍ പ്ലാന്റേഷന്‍ തരത്തില്‍ രജിസ്റ്റർ ചെയ്യണമെന്നാണ് നിബന്ധന. രാജ്യമെമ്പാടും ആധാറും, ആധാരവും ലിങ്ക് ചെയ്യാന്‍ നേരത്തെ നരേന്ദ്ര മോദി സർക്കാർ ആലോചിച്ചിരുന്നു. എന്നാല്‍ മോദി സർക്കാർ പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പെ കേരളം നടപ്പിലാക്കിയിരിക്കുകയാണ്.

Similar News