യൂനിയൻ ഓഫീസിൽ നിന്ന് കണ്ടെത്തിയ സീൽ എകെജിസിടി അംഗത്തിന്റേത്

കലാലയത്തിനകത്ത് എസ്എഫ്ഐ നടത്തുന്ന ഗുണ്ടായിസത്തിന് എകെജിസിടി പിന്തുണയ്ക്കാറുണ്ടെന്ന ആരോപണം ശക്തമാണ്. കത്തിക്കുത്ത് നടന്ന ദിവസം മാധ്യമങ്ങളെ അകത്തേക്ക് കടക്കുന്നത് തടഞ്ഞതും ഇതേ അധ്യാപക സംഘടനയിൽപ്പെട്ടവർ ആയിരുന്നു.

Update: 2019-07-16 06:16 GMT

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ യൂനിയൻ ഓഫീസിൽ നിന്ന് കണ്ടെത്തിയ സീല്‍ എകെജിസിടി അംഗത്തിന്റേത്. കോളജിലെ ബോട്ടണി ഡിപ്പാർട്ട്മെന്റ് അസിസ്റ്റൻറ് പ്രഫസർ കൂടിയായ ഡോ. സുബ്രമണ്യൻ സിപിഎം നിയന്ത്രണത്തിലുള്ള എകെജിസിടി അംഗമാണ്. കേരള പിഎസ്‌സിയിൽ ഹയർ സെക്കൻററി അധ്യാപക പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട വിദഗ്ദ്ധ സമിതി അംഗം കൂടിയാണ് ഇദ്ദേഹം. എന്നാൽ സീൽ വ്യാജമെന്നാണ് അധ്യാപകൻ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. തന്‍റെ സീൽ നഷ്ടപ്പെട്ടിട്ടില്ലെന്നും യൂനിയൻ മുറിയിൽ കണ്ടത് വ്യാജ സീലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കലാലയത്തിനകത്ത് എസ്എഫ്ഐ നടത്തുന്ന ഗുണ്ടായിസത്തിന് എകെജിസിടി പിന്തുണയ്ക്കാറുണ്ടെന്ന ആരോപണം ശക്തമാണ്. കത്തിക്കുത്ത് നടന്ന ദിവസം മാധ്യമങ്ങളെ അകത്തേക്ക് കടക്കുന്നത് തടഞ്ഞതും ഇതേ അധ്യാപക സംഘടനയിൽപ്പെട്ടവർ ആയിരുന്നു. ഈ ആരോപണങ്ങളുടെ വെളിച്ചത്തിലാണ് പിടിച്ചെടുത്ത സീൽ സിപിഎം അധ്യാപക സംഘടനയുടെ പ്രവർത്തകന്റേതാണെന്ന് വെളിപ്പെടുന്നത്.

കോളജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് കേരള സർവ്വകലാശാലയിലെ യൂനിയൻ മുറിയിൽ നിന്ന് ബോട്ടണി അധ്യാപകന്‍റെ പേരിലുള്ള വ്യാജ സീലും ഉത്തരക്കടലാസുകളും കണ്ടെത്തിയത്. റോൾ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂനിയൻ ഓഫീസിൽ നിന്ന് പിടിച്ചെടുത്തത്. 

വര്‍ഷങ്ങളായി കോളജ് യൂണിയൻ ഉപയോഗിക്കുന്ന മുറിയാണ് ക്ലാസ് മുറിയാക്കാൻ കോളജ് അക്കാദമിക് കൗണ്‍സിൽ തീരുമാനിച്ചത്. യൂനിവേഴ്‍സിറ്റി കോളജിൽ ഉണ്ടായ അക്രമത്തിന്‍റെയും കത്തിക്കുത്തിന്‍റെയും പശ്ചാത്തലത്തിലാണ് യൂനിയൻ മുറി പിടിച്ചെടുക്കാനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുറി തുറന്ന് കൊടുക്കാനും തീരുമാനിച്ചത്.

അതേസമയം വനിതാമതിലുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാത്തതിന് തിരുവനന്തപുരം ഗവൺമെന്റ് കോളജിലെ വിദ്യാർഥിനികൾ മാനസികമായ പീഡനത്തിന് ഇരയായതായി റിപോർട്ടുകൾ പുറത്തുവന്നു. യൂനിയൻ റൂമിലേക്ക് വിളിച്ചു വരുത്തിയാണ് എസ്എഫ്ഐ ഭാരവാഹികൾ ഭീഷണിപ്പെടുത്തുന്ന ശബ്‌ദരേഖ പുറത്തുവിട്ടത്. അവിടെ പഠിക്കുന്നതിനാൽ ഭയം മൂലം തുറന്നുപറയാൻ കഴിയാത്ത സാഹചര്യമായതിനാൽ മാധ്യമങ്ങൾക്ക് മുന്നിൽ എത്താൻ ബുദ്ധിമുട്ടാണെന്ന് വിദ്യാർഥിനികൾ പറഞ്ഞു. യൂനിവേഴ്‌സിറ്റി കോളജിൽ നടന്ന സംഭവം ഒറ്റപ്പെട്ടതാണെന്ന എസ്എഫ്ഐ, സിപിഎം വാദം ഇതോടെ നുണയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 

Tags:    

Similar News