കടല്‍കയറ്റ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ല; ചെല്ലാനം ജനകീയ വേദി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

എല്ലാ തവണയും പ്രകടനപത്രികയില്‍ കടല്‍കയറ്റ പ്രശ്‌നത്തിന് പരിഹാരം ഉറപ്പ് നല്‍കുന്ന പദ്ധതികള്‍ മുഖ്യ സ്ഥാനം നേടാറുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അധികാരത്തിലേറുന്നവര്‍ ജനങ്ങള്‍ക്ക് മുമ്പാകെ നല്‍കിയ ഉറപ്പുകള്‍ മറക്കുന്നതാണ് അനുഭവം

Update: 2021-03-27 15:24 GMT

കൊച്ചി: കടല്‍കയറ്റ പ്രശ്‌നത്തിന് പരിഹാരം കാണാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ചെല്ലാനം ജനകീയ വേദി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു. ഇന്നലെ തോപ്പുംപടിയില്‍ നടന്ന ജനകീയ കണ്‍വെന്‍ഷനിലാണ് ജനകീയ വേദി ബഹിഷ്‌കരണ തീരുമാനം പ്രഖ്യാപിച്ചത്.

എല്ലാ തിരഞ്ഞെടുപ്പ് കാലത്തും കടല്‍കയറ്റ പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട് വാഗ്ദാനപ്പെരുമഴ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നാളിതുവരെ ജനങ്ങളെ വഞ്ചിച്ച ചരിത്രമാണ് ഉള്ളത്. ഇനിയും കബളിപ്പിക്കപ്പെടാന്‍ നിന്നുകൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ജനകീയ വേദി ഭാരവാഹികള്‍ പറഞ്ഞു.

എല്ലാ തവണയും പ്രകടനപത്രികയില്‍ കടല്‍കയറ്റ പ്രശ്‌നത്തിന് പരിഹാരം ഉറപ്പ് നല്‍കുന്ന പദ്ധതികള്‍ മുഖ്യ സ്ഥാനം നേടാറുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അധികാരത്തിലേറുന്നവര്‍ ജനങ്ങള്‍ക്ക് മുമ്പാകെ നല്‍കിയ ഉറപ്പുകള്‍ മറക്കുന്നതാണ് അനുഭവം എന്ന് അവര്‍ പറഞ്ഞു.

ജനകീയ കണ്‍വെന്‍ഷന്‍ അഡ്വ. പിഎ പൗരന്‍ ഉദ്ഘാടനം ചെയ്തു. കടലും തീരവും വിറ്റ് കാശാക്കാന്‍ നടക്കുന്നവര്‍ തീരദേശ ജനതയെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാഗര്‍മാല, ബ്ലൂ എക്കോണമി തുടങ്ങി കടലും തീരവും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന പദ്ധതികളിലാണ് ഭരണകൂടത്തിന് താല്‍പ്പര്യമെന്നും തീരദേശ ജനതയെ ഇതിനുവേണ്ടി കുടിയൊഴിപ്പിക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി, അഡ്വ കെഎസ് മധുസൂദനന്‍, കെപി സേതുനാഥ്, വിസി ജെന്നി, പ്രശാന്ത് എബി, വിടി സെബാസ്റ്റ്യന്‍, ജോസഫ് അറയ്ക്കല്‍, മറിയാമ്മ ജോര്‍ജ്ജ് കുരിശ്ശിങ്കല്‍, ജോസഫ് ജയന്‍ കുന്നേല്‍, അഡ്വ തുഷാര്‍ നിര്‍മല്‍ സാരഥി, സുജ ഭാരതി, ബാബു പള്ളിപ്പറമ്പ്, ആന്റോജി കളത്തുങ്കല്‍, ജോയ്‌സ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.