'ദ കേരള സ്‌റ്റോറി' സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണം; സുപ്രിം കോടതിയില്‍ ഹരജി

Update: 2023-05-02 13:56 GMT

ന്യൂഡല്‍ഹി: 'ദ കേരള സ്‌റ്റോറി' എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിസ് ഹരജി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഓഫ് ഇന്ത്യയ്ക്കു വേണ്ടി അഡ്വ. ചൗധരി അലി സിയാ കബീര്‍ മുഖേന ദേശീയ ജനറല്‍ സെക്രട്ടറി ലുബൈബ് ബഷീറാണ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. 2023 മെയ് 5ന് പുറത്തിറങ്ങാനിരിക്കുന്ന സിനിമ നിര്‍ത്തിവയ്ക്കണമെന്നാണ് ആവശ്യം. വസ്തുതാ വിരുദ്ധമായ രേഖകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സിനിമ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടാണ് നിര്‍മിച്ചതെന്ന് സിനിമയുടെ ട്രെയിലര്‍ അവകാശപ്പെടുന്നതായി ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളെ മുസ്‌ലിം ചെറുപ്പക്കാര്‍ വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തുകയും തുടര്‍ന്ന് ഐസ്‌ഐഎസ് പോലുള്ള സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നും സിനിമ അവകാശപ്പെടുന്നു. എന്നാല്‍ തെളിവുകളുടെ പിന്‍ബലമില്ലാത്ത വെറും വ്യാജ ആരോപണങ്ങള്‍ മാത്രമാണിത്.

    സിനിമ സാമുദായിക ധ്രുവീകരണം ലക്ഷ്യം വയ്ക്കുന്നതും മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതുമാണെന്ന് കേരള മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയ രാഷ്ട്രീയ നേതൃത്വങ്ങള്‍ നേരെത്തെ അഭിപ്രായപ്പെട്ടതാണ്. സംസ്ഥാന പോലിസ് വകുപ്പുകളും എന്‍ ഐഎ പോലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളും നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും നിഷേധിച്ച 'ലൗ ജിഹാദ്' എന്ന വ്യാജ നിര്‍മ്മിതി സിനിമയില്‍ ആവര്‍ത്തിക്കുന്നു. ലൗ ജിഹാദ് ഒരു മിത്താണെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ പാര്‍ലമെന്റിനെ അറിയിച്ച കാര്യമാണ്.

    എന്നാല്‍ മുസ്‌ലിം സമുദായത്തിനെതിരേ വെറുപ്പും ഭീതിയും സൃഷ്ടിക്കാന്‍ ബിജെപി ഈ ആശയത്തെ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ലൗ ജിഹാദുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിലായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജ വിവരങ്ങളുടെ കേവല വിപുലീകരണം മാത്രമായാണ് ഈ സിനിമയെ കാണാന്‍ കഴിയുക. കേരളത്തിലെ മുസ്‌ലിംസമുദായത്തിലെ ഒരു തീവ്രവിഭാഗം മുസ്‌ലിംകളല്ലാത്ത സ്ത്രീകളെ കെണിയില്‍ വീഴ്ത്താനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്ന, സിനിമ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ ഒരു ഗൂഢാലോചന സിദ്ധാന്തമാണ്. ഇതാവട്ടെ മുസ്‌ലിംകള്‍ക്കെതിരെയുള്ള ദുരുദ്ദേശപരമായ അപവാദ പ്രചാരണവും വ്യാജവുമാണെന്ന് ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടതുമാണ്. ഇത് ഇന്ത്യയുടെയും മത നിരപേക്ഷ സാമൂഹ്യ ചുറ്റുപാടുള്ള കേരളത്തിലെയും സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാനുള്ള ഹീന ശ്രമത്തിന്റെ ഭാഗമാണെന്നത് തീര്‍ച്ചയാണ്. പ്രസ്തുത സിനിമ മത നിരപേക്ഷത തകര്‍ക്കുന്നതും രാജ്യത്തിന്റെ ദേശീയോദ്ഗ്രഥന നയത്തിന് എതിരുമാണെന്ന് ഫ്രറ്റേണിറ്റി അഭിപ്രായപ്പെട്ടു. ഈ സിനിമ ബഹിഷ്‌കരിക്കുന്നതോടൊപ്പം ഏതെങ്കിലുമൊരു സമുദായത്തിനു നേരെ ഭയവും വെറുപ്പും വളര്‍ത്താനുള്ള എല്ലാ ശ്രമമങ്ങളെയും ചെറുക്കാന്‍ രാജ്യത്തെ ഉത്തരവാദിത്ത ബോധമുള്ള പൗരന്മാര്‍ മുന്നോട്ടുവരണമെന്ന് ലുബൈബ് ബഷീര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News