മഴ തുടരുന്നു; മരണം 10, പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഇവിടിയങ്ങളില്‍ പ്രളയ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര ജല കമ്മീഷന്‍(സിഡബ്ല്യുസി) മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

Update: 2019-08-09 00:54 GMT
മഴ തുടരുന്നു; മരണം 10, പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മൂന്നു ദിവസമായി കനത്ത മഴ തുടരുന്നതിനിടെ, സംസ്ഥാനത്ത് മരണപ്പെട്ടവരുടെ എണ്ണം 10 ആയി ഉയര്‍ന്നു. വടകര വിലങ്ങാടില്‍ ഉരുള്‍പൊട്ടി നാലുപേരെ കാണാതായി. എടവണ്ണയിലും മൂന്നുപേരെ കാണാതായിട്ടുണ്ട്. വടകരയ്ക്കു സമീപം കുറ്റിയാടിയില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു. അതിനിടെ, സംസ്ഥാനത്തെ 11 ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഇവിടിയങ്ങളില്‍ പ്രളയ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര ജല കമ്മീഷന്‍(സിഡബ്ല്യുസി) മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതി തീവ്ര മഴയുടെ സാഹചര്യത്തില്‍ പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ തുടങ്ങിയ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തില്‍ അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാനാണു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടുദിവസത്തിനകം മഴയുടെ ശക്തി കുറയുമെന്നാണു കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചത്. കോഴിക്കോട്, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളുടെ പലഭാഗങ്ങളിലും ഉരുള്‍പൊട്ടലുണ്ടായതായി റിപോര്‍ട്ടുകളുണ്ട്. സംസ്ഥാനത്ത് അതിജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് ഇന്നും തുടരും.

  

വെള്ളായാഴ്ച പുലര്‍ച്ചെ വടകര വിലങ്ങാട് ആലുമൂലയില്‍ ഉരുള്‍പൊട്ടലുണ്ടായി. മൂന്നു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായതായും നാലുപേരെ കാണാതായതായും റിപോര്‍ട്ടുകളുണ്ട്. വിലങ്ങാട് അങ്ങാടിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ പാലൂര്‍ റോഡിലാണ് അപകടം. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം ഫയര്‍ഫോഴ്‌സിനും രക്ഷാപ്രവര്‍ത്തകര്‍ക്കും സ്ഥലത്തെത്താന്‍ ബുദ്ധിമുട്ടുകയാണ്. ഒരു പിക്കപ്പ് വാന്‍, കാറ്, ബൈക്ക് എന്നിവ ഒലിച്ചുപോയി. ചെങ്കുത്തായ കയറ്റമായതിനാലും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു. നേരത്തേ, വയനാട് മേപ്പാടി പുത്തുമലയിലും ഈരാറ്റുപേട്ടയിലും ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ, നിരവധിപേരെ കാണാതയതായാണു സൂചന. കുറ്റിയാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടുപേരെ കാണാതായി. അട്ടപ്പാടിയില്‍ ഊരുകള്‍ ഒറ്റപ്പെട്ടു. പാലക്കാട് കരിമ്പ മൂന്നേക്കറില്‍ ഉരുള്‍പൊട്ടലുണ്ടായി. നാലു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകിയതിനാല്‍ പാല ടൗണ്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.മലപ്പുറം ജില്ലയില്‍ നാല് സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. കാളിക്കാവ്, നിലംബൂര്‍, മമ്പാട് എന്നീ സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ പാമ്പുരുത്തി ദ്വീപിലെ മുഴുവന്‍ കുടുംബങ്ങളെയും ഇന്നലെ രാത്രിയോടെ പൂര്‍ണമായും മാറ്റിപ്പാര്‍പ്പിച്ചു. 250ഓളം വീട്ടുകാരെയാണ് കമ്പില്‍ മാപ്പിള ഹൈസ്‌കൂളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയത്. മയ്യില്‍ കോറളായി ദ്വീപ്, സമീപപ്രദേശമായ നണിയൂര്‍ നമ്പ്രം തുടങ്ങിയ ഭാഗങ്ങളിലുള്ളവരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വളപട്ടണം പുഴയില്‍ ജലനിരപ്പ് ഉയരുകയും ഒഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.




Tags:    

Similar News