ബിജെപി സഖ്യത്തിലെ ഏക മുസ്‌ലിം എംപി പാര്‍ട്ടി വിട്ട് ആര്‍ജെഡിയില്‍ ചേര്‍ന്നു
ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിലെ ഏക മുസ്‌ലിം എംപി മെഹബൂബ് അലി കൈസര്‍ പാര്‍ട്ടി വിട്ടു. എല്‍ജെപി എംപിയായിരുന്ന മെഹബൂബ് അലി കൈസര്‍ പാര്‍ട്ടി വിട്ട് ആര്‍ജെഡിയിലാണ് ചേര്‍ന്നിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത്തവണ ടിക്കറ്റ് നിഷേധിച്ചതോടെയാണ് മെഹബൂബ് അലി പാര്‍ട്ടി മാറിയത്.
മുന്‍ കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരാസിന്റെ അടുത്ത ആളായിരുന്നു മെഹബൂബ് അലി. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മകന്‍ യൂസഫ് സലാഹുദ്ദീന് പാര്‍ട്ടി ടിക്കറ്റ് നിരസിച്ചതോടെ പാസ്വാനുമായി ഭിന്നതയിലായിരുന്നു. തുടര്‍ന്ന് സലാഹുദ്ദീന്‍ ആര്‍ജെഡി ടിക്കറ്റില്‍ സിമ്രി ഭക്തിയാര്‍പൂര്‍ സീറ്റില്‍ വിജയിച്ചു. ആര്‍ജെഡിയില്‍ ചേര്‍ന്നെങ്കിലും മെഹബൂബ് അലിക്ക് ടിക്കറ്റ് കിട്ടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.