പണം നല്‍കിയത് ആര്‍എസ്എസിന്റെ അറിവോടെ; പ്രസീത അഴീക്കോടും കെ സുരേന്ദ്രനും തമ്മിലുള്ള പുതിയ ഫോണ്‍ സംഭാഷണം പുറത്ത്
പണം ഏര്‍പ്പാട് ചെയ്തിരിക്കുന്നത് ആര്‍എസ്എസ് ചുമതലപ്പെടുത്തിയ ബിജെപി ഓര്‍ഗനെസിങ് സെക്രട്ടറി എം ഗണേഷാണെന്ന് സുരേന്ദ്രന്‍ സൂചിപ്പിക്കുന്നതായാണ് ശബ്ദരേഖയിലുള്ളത്. ജെആര്‍പിക്കുള്ള 25 ലക്ഷമാണ് കൈമാറുന്നതെന്ന് കെ സുരേന്ദ്രന്‍ പറയുന്നത് കേള്‍ക്കാം. കഴിഞ്ഞ മാര്‍ച്ച് 25നാണ് സുരേന്ദ്രന്‍ പ്രസീത അഴീക്കോടിനെ വിളിച്ചത്. മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോം സ്‌റ്റേയിലെ മുറിയില്‍ വച്ചാണ് പണം കൈമാറിയത്. വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ ആണ് പണം കൈമാറിയത്.
നേരത്തേ എന്‍ഡിഎയില്‍ ചേരാന്‍ സി കെ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന് ആരോപിച്ച് സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണം പ്രസീത അഴീക്കോട് പുറത്തുവിട്ടിരുന്നു. കൊടകരയില്‍ ബിജെപിയുടെ കോടികളുടെ കള്ളപ്പണം കവര്‍ച്ച ചെയ്തതു സംബന്ധിച്ച റിപോര്‍ട്ടുകള്‍ക്കിടെയായിരുന്നു ആരോപണവും ശബ്ദസന്ദേശവും പുറത്തുവിട്ടത്. വിഷയത്തില്‍ ബിജെപി പ്രതിക്കൂട്ടിലായെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സി കെ ജാനുവിന് പണം നല്‍കിയ സംഭവത്തില്‍ കെ സുരേന്ദ്രനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് കല്‍പറ്റ കോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. പരാതിക്കാരനായ നലാസില്‍ നിന്ന് കഴിഞ്ഞ ദിവസം പോലിസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാവാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സി കെ ജാനുവിന് ബത്തേരിയില്‍ വച്ച് 25 ലക്ഷം രൂപകൂടി കോഴനല്‍കിയതായി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ജെആര്‍പി സംസ്ഥാന ഖജാഞ്ചി പ്രസീത അഴീക്കോട് മൊഴി നല്‍കിയിരുന്നു. വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ മാര്‍ച്ച് 26ന് രാവിലെ ബത്തേരിയിലെ മണിമല ഹോം സ്‌റ്റേയില്‍ വച്ചാണ് പണം കൈമാറിയതെന്ന് ജെആര്‍പി സംസ്ഥാന ഖജാഞ്ചി പ്രസീത അഴീക്കോടാണ് വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ മനോജ്കുമാറിന് മൊഴി നല്‍കിയത്. പൂജ നടത്തിയതിന്റെ പ്രസാദം എന്ന് പറഞ്ഞാണ് ചെറിയ തുണിസഞ്ചിയില്‍ പണം നല്‍കിയത്. ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊഴാറ, കോ ഓഡിനേറ്റര്‍ ബിജു അയ്യപ്പന്‍ എന്നിവരും മുറിയിലുണ്ടായിരുന്നതായും പ്രസീതയുടെ മൊഴിയിലുണ്ട്. പണം കൈമാറുന്നത് സംബന്ധിച്ച കാര്യങ്ങളാരായാന്‍ ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശന്‍ മൂന്ന് തവണ ഫോണില്‍ വിളിച്ചിട്ടും എടുത്തില്ലെന്നും ഗണേശ്ജി ആരാണെന്ന് സി കെ ജാനുവിന് അറിയില്ലേയെന്ന നീരസവും സുരേന്ദ്രന്‍ പ്രകടമാക്കിയതായും പ്രസീത മൊഴി നല്‍കിയിരുന്നു.
എന്നാല്‍, ബിജെപിയുടെ കള്ളപ്പണം സംബന്ധിച്ചും വന്‍തോതില്‍ പണം നല്‍കിയത് സംബന്ധിച്ചും റിപോര്‍ട്ടുകള്‍ പുറത്തുവന്നപ്പോഴും ആര്‍എസ്എസ് അതൃപ്തി പ്രകടിപ്പിച്ചെന്നായിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്. എന്നാല്‍, ആര്‍എസ്എസ് നിയോഗിച്ച ഓര്‍ഗനൈസിങ് സെക്രട്ടറിയുടെ അറിവോടെ തന്നെയാണ് സി കെ ജാനുവിനു പണം നല്‍കിയതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബിജെപി-ആര്‍എസ്എസ് ഉന്നത നേതൃത്വം പ്രതിക്കൂട്ടിലാവുമെന്ന് ഭയന്നാണ് കെ സുരേന്ദ്രനെതിരേ സംഘടനാതലത്തില്‍ നടപടിയെടുക്കാതിരിക്കുന്നത് എന്ന ആക്ഷേപം ഉറപ്പിക്കുന്നതാണ് പുതിയ ശബ്ദരേഖ എന്നതും കൂട്ടിവായിക്കേണ്ടതാണ്.
The money was paid with the knowledge of the RSS; New phone conversation between Praseetha Azhikode and K Surendran is out

