'വൃദ്ധയുടെ ആവലാതി കേള്‍ക്കാന്‍ ജഡ്ജി വരാന്തയിലേക്ക് ഇറങ്ങിച്ചെന്നു'; വൈറല്‍ ഫോട്ടോയുടെ സത്യാവസ്ഥ ഇതാ...

Update: 2020-09-05 11:42 GMT

ഹൈദരാബാദ്: ക്ഷേമ പെന്‍ഷന്‍ സംബന്ധിച്ച് പരാതി നല്‍കിയ വയോധികയുടെ ആവലാതി കേള്‍ക്കാന്‍ ജഡ്ജി കോടതി സമുച്ഛയത്തിലെ തന്റെ മുറിയില്‍ നിന്ന് വരാന്തയിലെ പടിയിലേക്ക് ഇറങ്ങിച്ചെന്നെന്ന് വിധത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയും ചിത്രവും വ്യാജം. തെലങ്കാനയിലെ ഭുവനപള്ളി ജില്ലാ കോടതിയില്‍ നിന്നുള്ളതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ജഡ്ജിയല്ലെന്നും രണ്ടു വര്‍ഷം മുമ്പുള്ളതാണെന്നുമാണ് കണ്ടെത്തിയത്.

    ക്ഷേമ പെന്‍ഷന്‍ വിഷയത്തില്‍ പരാതി നല്‍കിയ വയോധിക, കോണിപ്പടി കയറാനാവാതെ കോടതി വരാന്തയിലെ പടിയില്‍ തളര്‍ന്നിരിക്കുന്ന വിവരം ക്ലാര്‍ക്ക് ജഡ്ജിയെ അറിയിച്ചെന്നും ഇതുപ്രകാരം ഇവരുടെ കേസ് വിളിച്ചപ്പോള്‍ ജഡ്ജി അബ്ദുല്‍ അസീം ബന്ധപ്പെട്ട ഫയലുമായി തന്റെ ഔദ്യോഗിക ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് ഒന്നാം നിലയില്‍ നിന്ന് പടികളിറങ്ങി താഴെയെത്തുകയും ആവലാതികള്‍ കേള്‍ക്കുകയും ചെയ്‌തെന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പായി പ്രചരിക്കുന്നത്. പരമ്പരാഗത കൊളോണിയല്‍ കോടതി ശീലങ്ങള്‍ക്ക് വിപരീതമായി, ജീവനക്കാരെയും അഭിഭാഷകരെയും സ്തബ്ധരാക്കി, മനുഷ്യ സ്‌നേഹത്തിന്റെ മഹാമാതൃക തീര്‍ത്ത ജഡ്ജിക്ക് അഭിനന്ദനം ചൊരിയുന്നു എന്നു പറഞ്ഞാണ് പലരും ചിത്രം പങ്കുവച്ചത്. സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ടേയ കഠ്ജു ഉള്‍പ്പെടെയുള്ളവര്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.



Full View

    മലയാളത്തിലേത് ഉള്‍പ്പെടെ പല മാധ്യമങ്ങളും ഇത് വലിയ പ്രാധാന്യത്തോടെ വാര്‍ത്തയായി നല്‍കുകയും ചെയ്തു. മാത്രമല്ല, കഴിഞ്ഞ രണ്ടു വര്‍ഷമായി തീര്‍പ്പുകല്‍പ്പിക്കാതെ ഇഴഞ്ഞുനീങ്ങിയ കേസ് ജഡ്ജി തീര്‍പ്പാക്കിയെന്നും പ്രചാരണത്തിലുണ്ട്. എന്നാല്‍, ചിത്രത്തിലുള്ളത് ജില്ലാ ജഡ്ജിയല്ലെന്നും തെലങ്കാനയില്‍ 'ഭുവനപ്പള്ളി' എന്ന ജില്ലയില്ലെന്നും കണ്ടെത്തിയതായി ഫാക്റ്റ് ചെക്ക് വെബ്‌സൈറ്റായ ഫാക്റ്റ്‌ലി.ഇന്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, ചിത്രം ഒറിജിനല്‍ തന്നെയാണ്. ചിത്രത്തിലുള്ളത് 'ജയശങ്കര്‍ ഭൂപാല്‍പള്ളി' ജില്ലാ കലക്ടര്‍ അബ്ദുല്‍ അസീം ആണ്. എന്നാല്‍ പോസ്റ്റിലെ വരികളാണ് തെറ്റായി നല്‍കിയത്.

    ഇതേ ചിത്രം 2020 ഫെബ്രുവരിയില്‍ 'ദി ഹാന്‍സ് ഇന്ത്യ' ഒരു ലേഖനത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. 'ജയശങ്കര്‍ ഭൂപാല്‍പള്ളി' ജില്ലാ കലക്ടര്‍ അബ്ദുല്‍ അസീം ഓഫിസില്‍ നിന്നിറങ്ങുമ്പോള്‍ പടിയില്‍ ഇരിക്കുന്ന വൃദ്ധയെ കാണുകയും കാര്യം അന്വേഷിക്കുകയും ചെയ്തു. തന്റെ വാര്‍ധക്യ പെന്‍ഷന്‍ പ്രശ്‌നത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ ഉടന്‍ തന്നെ കലക്ടര്‍ അബ്ദുല്‍ അസീം ഡിആര്‍ഡിഒ സുമതിയോട് സംസാരിക്കുകയും മംഗമ്മ എന്ന സ്ത്രീക്ക് പെന്‍ഷന്‍ ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തു എന്നാണ് റിപോര്‍ട്ടിലുള്‌ലത്.

   


സംഭവം മറ്റ് വാര്‍ത്താ ഏജന്‍സികളും റിപോര്‍ട്ട് ചെയ്യുകയും ഇതേ ചിത്രം ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റിലും നല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല, ജയശങ്കര്‍ ഭൂപാല്‍പള്ളി ജില്ലയുടെ വെബ്സൈറ്റില്‍ മുഹമ്മദ് അബ്ദുല്‍ അസീം ഐഎഎസിന്റെ പ്രൊഫൈല്‍ നിന്നു തന്നെ അദ്ദേഹത്തെ വ്യക്തമാവുന്നുണ്ട്. ഇതിനാല്‍ തന്നെ ചിത്രത്തിനൊപ്പം പ്രചരിക്കുന്നതു പോലെ ജില്ലാ ജഡ്ജിയല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

The man sitting on the stairs along with an old woman in this photo is Bhupalpally District Collector Abdul Azeem




Tags: