യുഎസ് മുസ്‌ലിംകളിലെ ബഹുഭൂരിപക്ഷവും ഇസ്‌ലാം ഭീതിക്ക് ഇരയായവരെന്ന് റിപോര്‍ട്ട്

രാജ്യത്തെ മൂന്നില്‍ രണ്ട് ഇസ്‌ലാം മത വിശ്വാസികളും ഇസ്‌ലാം ഭീതിക്ക് ഇരയായവരാണെന്നും ഇതില്‍ കൂടുതലും വനിതകളാണെന്നും അടുത്തിടെ പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

Update: 2021-10-02 16:39 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ മുസ്‌ലിംകളിലെ ബഹുഭൂരിപക്ഷവും ഇസ്‌ലാം ഭീതിക്ക് ഇരയായവരെന്ന് റിപോര്‍ട്ട്. രാജ്യത്തെ മൂന്നില്‍ രണ്ട് ഇസ്‌ലാം മത വിശ്വാസികളും ഇസ്‌ലാം ഭീതിക്ക് ഇരയായവരാണെന്നും ഇതില്‍ കൂടുതലും വനിതകളാണെന്നും അടുത്തിടെ പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

തങ്ങള്‍ ഇസ്‌ലാം ഭീതി അനുഭവിച്ചവരാണെന്ന് 67.5 ശതമാനം പേരാണ് കാലഫോര്‍ണിയ സര്‍വകലാശാലയിലെ അദറിങ് ആന്റ് ബിലോങിങ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ സര്‍വെയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കിയത്.

ചിലതില്‍ വ്യക്തിപരമായ വാക്കിലൂടെയാണെങ്കില്‍ ചിലത് ശാരീരിക ആക്രമണമായിരുന്നുവെന്നും ചിലത് മുസ്‌ലിംകളുടെ മാനവിക വിരുദ്ധ വല്‍ക്കരണമായിരുന്നുവെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വേയില്‍ പങ്കെടുത്തത് 1123 പേരാണ്. ഇതില്‍ പങ്കെടുത്ത 76.7 ശതമാനം വനിതകളും തങ്ങള്‍ ഇസ്ലാമോഫോബിയക്കിരയായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞു.58.6 ശതമാനം പുരുഷന്മാരും സര്‍വേയില്‍ സമാന അനുഭവം പങ്കുവെച്ചു. മുസ്‌ലിം വിരുദ്ധ നടപടികള്‍ തങ്ങളുടെ മാനസികവും വൈകാരികവുമായി ക്ഷേമത്തേ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും സര്‍വേയില്‍ പങ്കെടുത്ത 93.7 ശതമാനം പേരും വ്യക്തമാക്കി.

18നും 29നും ഇടയില്‍ പ്രായമുള്ളവരാണ് മറ്റു പ്രായക്കാരെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ഇസ്‌ലാം ഭയത്തിന് ഇരയാകുന്നതെന്നും പഠനം വ്യക്തമാക്കുന്നു. ഇസ്‌ലാം ഭീതിയുടെ പശ്ചാത്തലത്തിലുള്ള പൊതുസമൂഹത്തില്‍നിന്നുള്ള ആക്രമണങ്ങളെതുടര്‍ന്ന് തങ്ങളുടെ മുസ്‌ലിം സ്വത്വം മറച്ചുപിടിക്കാന്‍ നിര്‍ബന്ധിതരാവുന്നുണ്ടെന്നും 45 ശതമാനം പേരും വെളിപ്പെടുത്തിയിട്ടുണ്ട്.

Tags: