പ്രോസിക്യൂഷൻ അനുമതി ചോദ്യംചെയ്ത് സിദ്ദീഖ് കാപ്പന്റെ ഭാര്യ അലഹബാദ് ഹൈക്കോടതിയിൽ
2022 ഫെബ്രുവരി 22 ചൊവ്വാഴ്ച കൂടുതൽ വാദം കേൾക്കുന്നതിനായി ഹരജി പരിഗണിക്കുന്നത് മാറ്റി.
ലഖ്നോ: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) നടപടിയെടുക്കുന്നതിനുള്ള വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പൻ തന്റെ ഭാര്യ മുഖാന്തിരം അലഹബാദ് ഹൈക്കോടതിയിലെ ലഖ്നോ ബെഞ്ചിനെ സമീപിച്ചു. നിയമവിരുദ്ധമായ വിചാരണയ്ക്ക് നൽകിയ പ്രോസിക്യൂഷൻ അനുമതി റദ്ദാക്കണമെന്ന് ഹരജിയിൽ പറയുന്നു. ഹരജി കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചു.
ഹരജി സ്വീകരിക്കുന്നതിനിടയിൽ, ജസ്റ്റിസ് കരുണേഷ് സിങ് പവാർ, വിഷയത്തിൽ സർക്കാരിന്റെ നിർദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനോട് നിർദേശിച്ചു. 2022 ഫെബ്രുവരി 22 ചൊവ്വാഴ്ച കൂടുതൽ വാദം കേൾക്കുന്നതിനായി ഹരജി പരിഗണിക്കുന്നത് മാറ്റി.
യഥാർത്ഥ എഫ്‌ഐആർ മഥുരയിൽ ഫയൽ ചെയ്തതിനാൽ കേസ് കേൾക്കാൻ ലഖ്‌നോ ബെഞ്ചിന് അധികാരമില്ലെന്ന സർക്കാർ അഭിഭാഷകന്റെ വാദം നേരത്തെ ജസ്റ്റിസ് പവാർ തള്ളിക്കളഞ്ഞിരുന്നു.