ലോക്കൽ സെക്രട്ടറി പറഞ്ഞിട്ടാണ് വീതി കുറച്ച് പാലം പണിതതെന്ന് കോൺട്രാക്ടർ; വിവാദങ്ങളൊഴിയാതെ പയ്യന്നൂരിലെ സിപിഎം
തനിക്ക് പ്രതികരിക്കാൻ ബുദ്ദിമുട്ടുണ്ട്, പ്രസാദ് പറഞ്ഞിട്ടാണ് താൻ എല്ലാം ചെയ്തത്. എന്തെങ്കിലും കാര്യമുണ്ടെങ്കിൽ പ്രസാദിനെ വിളിച്ചന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു
കണ്ണൂർ: വിവരാവകാശരേഖ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതിന് യുവാവിന് പയ്യന്നൂരിൽ യുവാവിനെ മർദ്ദിച്ച സംഭവം വിവാദമാകുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആക്രമണം ഉണ്ടായത് വിവാദമായതിന് പിന്നാലെ നിർമാണത്തിലിരിക്കുന്ന കള്‍വെര്‍ട്ടിന്റെ കോൺട്രാക്ടറുടെ പ്രതികരണം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രദേശത്തെ സിപിഎം ലോക്കൽ സെക്രട്ടറി പറഞ്ഞിട്ടാണ് വീതി കുറച്ച് നിർമിച്ചതെന്ന് കോൺട്രാക്ടർ വെളിപ്പെടുത്തി.
പയ്യന്നൂർ നഗരസഭയിലെ 22ാം വാർഡിലാണ് ഏഴ് ലക്ഷം രൂപയുടെ എസ്റ്റിമേറ്റിലുള്ള കള്‍വെര്‍ട്ടിന്റെ നിര്‍മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏഴര മീറ്റര്‍ നീളത്തിലും അഞ്ചര മീറ്റര്‍ വീതിയിലും കള്‍വെര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത്. എന്നാൽ വീതി പിന്നീട് നാലു മീറ്ററായി ചുരുക്കി. ഇത് സംബന്ധിച്ചുള്ള വിവരാവകാശരേഖയാണ് പ്രദേശവാസിയായ ലിജേഷ് പുറത്ത് വിട്ടത്.
വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ പാലം പണിത കോൺട്രാക്ടർ പ്രതികരിച്ചത് വിചിത്ര വാദങ്ങളാണ്. തനിക്ക് പ്രതികരിക്കാൻ ബുദ്ദിമുട്ടുണ്ട്, പ്രസാദ് പറഞ്ഞിട്ടാണ് താൻ എല്ലാം ചെയ്തത്. എന്തെങ്കിലും കാര്യമുണ്ടെങ്കിൽ പ്രസാദിനെ വിളിച്ചന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സിപിഎം ലോക്കൽ സെക്രട്ടറിയായ പ്രസാദ് പ്രശ്നം നിലനിൽക്കുന്ന വാർഡിലെ കൗൺസിലർ അല്ലെന്നതാണ് ശ്രദ്ധേയം.
സിപിഎം ബ്രാഞ്ച് സെക്രട്ടറി പവിത്രൻ, പ്രവർത്തകരായ ഷൈബു, കലേഷ്, അജിത്ത് എന്നിവർക്ക് എതിരെയാണ് പോലിസ് കേസ് എടുത്തിട്ടുള്ളത്. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് തന്നെ മർദ്ദിച്ചതെന്നാണ് ലിജേഷിന്റെ പരാതി. ലിജേഷിന്റെ കൂടെ ആ സമയത്തുണ്ടായ സുഹൃത്ത് സുരേഷിനും മർദനമേറ്റിട്ടുണ്ട്. പ്രദേശത്തെ മുൻ വാർഡ് കൗൺസിലറിന്റെ ഭർത്താവാണ് സുരേഷ്.
കഴിഞ്ഞ 27ന് വൈകുന്നേരം അഞ്ചരയോടെയാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. കിഴക്കേ കണ്ടങ്കാളി വട്ടക്കുളം റോഡിലെ പഴയ കള്‍വെര്‍ട്ട് പുതുക്കി നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ചുള്ള വിവരാവകാശരേഖ ലിജേഷ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ഇതിൽ പ്രകോപിതരായ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി പി പവിത്രന്റെ നേതൃത്വത്തിൽ നാലംഗസംഘം തന്നെ മർദ്ദിച്ചെന്നാണ് ലിജേഷ് പറയുന്നത്. സംഭവത്തിൽ ലിജേഷിന്റെ കൈക്ക് പൊട്ടൽ ഉണ്ടാവുകയും ഫോൺ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ഇന്നാണ് പോലിസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാൽ, കൾവെർട്ട് നിർമാണത്തിൽ യാതൊരുവിധത്തിലുമുള്ള ക്രമക്കേടും നടത്തിയിട്ടില്ലെന്നാണ് സിപിഎം നേതൃത്വം പ്രതികരിക്കുന്നത്. നിർമ്മാണ പ്രവർത്തികളിൽ ക്രമക്കേട് നടന്നു എന്ന ആരോപണം ഉന്നയിക്കുന്നവർ കഞ്ചാവ് വലിക്കുന്നവരാണെന്ന് പ്രദേശത്തെ സിപിഎം ലോക്കൽ സെക്രട്ടറി എം പ്രസാദ് പറഞ്ഞു. സമീപവാസികൾ സ്ഥലം വിട്ടു നൽകാത്തത് കൊണ്ടാണ് പാലത്തിന്റെ വീതി നാലുമീറ്റർ ആയി കുറക്കേണ്ടി വന്നത്. രണ്ട് വർഷം മുമ്പ് പാസായ തുകയുടെ ഇരട്ടി തുകയ്ക്കേ ഇപ്പോൾ പാലം നിർമ്മിക്കാൻ കഴിയുവെന്നും വന്നപ്പോൾ ആണ് ഇത്തരത്തിൽ ചെയ്തതെന്നാണ് പ്രതികരണം.

