കാരുണ്യയില്‍ ഉള്ളവര്‍ക്ക് ആനുകൂല്യം മുടങ്ങില്ല: ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു

കാരുണ്യയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികില്‍സ 2020 മാര്‍ച്ച് 31 വരെ നീട്ടിയാണ് ഉത്തരവിറക്കിയത്.

Update: 2019-07-09 14:30 GMT

തിരുവനന്തപുരം: നിലവില്‍ കാരുണ്യ ബനവലന്റ് സ്‌കീമില്‍ ചികില്‍സയ്ക്ക് അര്‍ഹതയുണ്ടായിരുന്ന ആരുടേയും ചികില്‍സാ മുടങ്ങില്ലെന്ന് ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.കാരുണ്യയില്‍ അര്‍ഹതയുള്ള രോഗികള്‍ക്ക് സൗജന്യ ചികില്‍സ 2020 മാര്‍ച്ച് 31 വരെ നീട്ടിയാണ് ഉത്തരവിറക്കിയത്. പുതിയ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ (കെഎഎസ്പി) അംഗങ്ങളായ എല്ലാവര്‍ക്കും കെഎഎസ്പി എംപാനല്‍ഡ് ആശുപത്രികളില്‍ നിന്നും ചികില്‍സ ലഭ്യമാക്കി വരുന്നു.

കാരുണ്യ ചികില്‍സാ ധനസഹായത്തിന് അര്‍ഹതയുള്ളവര്‍ക്കും എന്നാല്‍ ആര്‍എസ്ബിവൈ/കെഎഎസ്പി കാര്‍ഡില്ലാത്തവര്‍ക്കും കെഎഎസ്പി എംപാനല്‍ഡ് ആശുപത്രികളില്‍ കെഎഎസ്പി പാക്കേജിലും നിരക്കിലും ചികില്‍സ ലഭ്യമാക്കുന്നതാണ്. സ്‌റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി മുഖാന്തിരമാണ് കെഎഎസ്പി എംപാനല്‍ഡ് ആശുപത്രികള്‍ക്ക് ചികില്‍സയ്ക്ക് ചെലവായ തുക അനുവദിച്ച് നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളേയും സംയോജിപ്പിച്ചുകൊണ്ട് 2019 ഏപ്രില്‍ ഒന്നുമുതലാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെഎഎസ്പി) കേരളത്തില്‍ നടപ്പിലാക്കിലാക്കിയിരുന്നത്. ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ചികില്‍സയാണ് വര്‍ഷന്തോറും ഇതിലൂടെ ലഭിക്കുന്നത്. കാരുണ്യ സ്‌കീം ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജൂലൈ ഒന്നു മുതല്‍ കാരുണ്യ സ്‌കീമിലുള്ളവര്‍ക്ക് ചികില്‍സ ഉറപ്പുവരുത്താന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസകും ആരോഗ്യ വകുപ്പ് മന്ത്രിയും ചര്‍ച്ച ചെയ്താണ് ചികില്‍സാ സഹായം നീട്ടാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചത്.

കാരുണ്യയില്‍ ഒരു കുടുംബത്തിന് ജീവിതത്തില്‍ ആകെ 2 ലക്ഷം രൂപയാണ് ചികില്‍സാ ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റിവയ്ക്കുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. എന്നാല്‍ പുതിയ കെഎഎസ്പി പദ്ധതിയിലൂടെ ഓരോ വര്‍ഷവും 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ലഭിക്കും.

Tags:    

Similar News