ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി

Update: 2022-02-20 06:15 GMT

വടകര: ചെരണ്ടത്തൂരില്‍ വീടിനുമുകളില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി മുറിച്ചുമാറ്റി. സംഘപരിവാര സംഘടനയായ ബജ്‌റംഗ്ദള്‍ പ്രാദേശിക നേതാവായ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനാണ് വീടിന്റെ ടെറസില്‍ നടന്ന സ്‌ഫോടനത്തില്‍ ഗുരുതര പരിക്കേറ്റത്. സ്‌ഫോടനത്തില്‍ ചിതറിയ വലതു കൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്. ഇടത് കൈപ്പത്തിയുടെ മൂന്നു വിരലുകളും നഷ്ടമായിട്ടുണ്ട്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം. ഇയാളെ ചോദ്യംചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂവെന്നാണ് പോലിസ് പറയുന്നത്.

എംഎംസി മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇയാളുടെ മൊഴിയെടുക്കാന്‍ വടകര സിഐ കെ കെ ബിജു, എസ്‌ഐ എം നിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച ആശുപത്രിയില്‍ എത്തിയെങ്കിലും ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാല്‍ മടങ്ങി. അടുത്ത ദിവസം മൊഴിയെടുക്കാന്‍ കഴിയുമെന്നാണ് പൊലീസിന്റ പ്രതീക്ഷ.

ആര്‍എസ്എസ്സിന്റെ നേതൃത്വത്തിലുള്ള ആയുധ ശേഖരവും ബോംബ് നിര്‍മാണവും തടയണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ രംഗത്തെത്തി. ബോംബ് സ്‌ഫോടനം നടന്ന വീട്ടിലേക്ക് എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലും പ്രതിഷേധം നടന്നു.

Tags: