'ആര്‍എസ്എസിന്റെ പ്രവാചകനും പ്രചാരകനുമായി ഗവര്‍ണര്‍ മാറി'; മന്ത്രി വി ശിവന്‍കുട്ടി
കൊച്ചി: ആര്‍എസ്എസ് അനുകൂല ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ജ്ഞാന സഭയില്‍ വിസിമാര്‍ പങ്കെടുത്തതില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഗവര്‍ണര്‍ വൈസ് ചാന്‍സിലര്‍മാരെ ഭീഷണിപ്പെടുത്തിയാണ് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതെന്നും ആര്‍എസ്എസിന്റെ പ്രവാചകനും പ്രചാരകനുമായി ഗവര്‍ണര്‍ മാറിയെന്നും ശിവന്‍കുട്ടി പറഞ്ഞു.
കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. പി. രവീന്ദ്രന്‍, കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. കെ.കെ. സജു, ഫിഷറീസ് സര്‍വകലാശാല വിസി ഡോ. എ. ബിജുകുമാര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.
ആര്‍എസ്എസിന്റെ തത്വങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം എന്ന നിലയിലാണ് ആര്‍എസ്എസ് തലവന്റെ പ്രസംഗമുണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധമാണെന്നും മതേതരത്വത്തിന് യോജിക്കാന്‍ സാധിക്കാത്തതാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.