പ്രതിവര്‍ഷം പുറം തള്ളുന്നത് 931 ദശലക്ഷം ടണ്‍ ഭക്ഷ്യാവശിഷ്ടം; മുന്നില്‍ ചൈനയും ഇന്ത്യയും
പ്രതിവര്‍ഷം 91.6 ദശലക്ഷം ടണ്‍ ഭക്ഷണം ചൈന പാഴാക്കുന്നു. 68.8 ദശലക്ഷം ടണ്‍ ഇന്ത്യയും പാഴാക്കുന്നു.
ന്യൂഡല്‍ഹി: ലോകത്ത് ഭക്ഷ്യ മാലിന്യം പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതിയുടെ 2021 ഭക്ഷ്യ മാലിന്യ സൂചിക അനുസരിച്ച് ലോകത്ത് പ്രതിവര്‍ഷം 931 ദശലക്ഷം ടണ്‍ ഭക്ഷ്യാവശിഷ്ടം പുറംതള്ളുന്നതായാണ് റിപ്പോര്‍ട്ട്.
അതില്‍ 569 ടണ്‍ ഭക്ഷ്യമാലിന്യവും വീടുകളില്‍ നിന്നാണ് വരുന്നത്. ബാക്കി ഭക്ഷ്യ മാലിന്യം ഭക്ഷ്യ വിതരണ സംവിധാനങ്ങളില്‍ നിന്നും (244 ദശലക്ഷം ടണ്‍) റീട്ടെയില്‍ മേഖലയില്‍ (118 ദശലക്ഷം ടണ്‍)നിന്നുമാണ്. ആഗോള കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ഒരു കുടുംബം ശരാശരി 74 കിലോഗ്രാം ഭക്ഷ്യ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയും ഇന്ത്യും തന്നേയാണ് ഭക്ഷ്യമാലിന്യത്തിന്റെ കാര്യത്തിലും മുന്നിട്ട് നില്‍ക്കുന്നത്. പ്രതിവര്‍ഷം 91.6 ദശലക്ഷം ടണ്‍ ഭക്ഷണം ചൈന പാഴാക്കുന്നു. 68.8 ദശലക്ഷം ടണ്‍ ഇന്ത്യയും പാഴാക്കുന്നു. 19.4 ദശലക്ഷം ടണ്‍ ഭക്ഷ്യ മാലിന്യവുമായി യുഎസ് റാങ്കിംഗില്‍ അല്‍പ്പം പിന്നിലാണ്. യൂറോപ്പ്, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ പ്രതിവര്‍ഷം അഞ്ച് മുതല്‍ ആറ് ദശലക്ഷം ടണ്‍ വരെ ഭക്ഷ്യമാലിന്യം പുറംതള്ളുന്നു.
ആളോഹരി ഭക്ഷ്യമാലിന്യത്തിന്റെ കാര്യത്തില്‍ സമ്പന്ന രാജ്യങ്ങാണ് മുന്നില്‍. ഉദാഹരണത്തിന്, ഇന്ത്യയിലെ ശരാശരി കുടുംബം പ്രതിവര്‍ഷം 50 കിലോഗ്രാം ഭക്ഷണം പാഴാക്കുന്നു. അത് അമേരിക്കയില്‍ 59 കിലോഗ്രാം ആയി ഉയരുന്നു. പ്രതിവര്‍ഷം 2.6 ദശലക്ഷം ടണ്ണുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മൊത്തം ഭക്ഷ്യ മാലിന്യങ്ങള്‍ താരതമ്യേന കുറവാണെന്ന് തോന്നുന്നുവെങ്കിലും, പ്രതിവര്‍ഷം ഒരു കുടുംബത്തിന് 102 കിലോഗ്രാം എന്ന തോതില്‍ ഓസ്‌ട്രേലിയയില്‍ ഉയര്‍ന്ന പ്രതിശീര്‍ഷ മാലിന്യമുണ്ടെന്ന് സൂചിക കാണിക്കുന്നു.
