സിദ്ദീഖ് കാപ്പന്‍ നേരിടുന്ന മനുഷ്യത്വ വിരുദ്ധത ഞെട്ടിക്കുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്
അദ്ദേഹത്തെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പസ് ഹരജി പോലും ഇതുവരെ തീര്‍പ്പുകല്‍പിച്ചിട്ടില്ല
ന്യൂഡല്‍ഹി: സിദ്ദീഖ് കാപ്പന്‍ നേരിടുന്ന മനുഷ്യത്വ വിരുദ്ധത ഞെട്ടിക്കുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്. ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോകുമ്പോള്‍ അറസ്റ്റ് ചെയ്തു യുപി സര്‍ക്കാര്‍ തടവിലിട്ട സിദ്ദീഖ് കാപ്പന്‍ നേരിടുന്ന മനുഷ്യത്വ വിരുദ്ധത ഞെട്ടിക്കുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പത്രപ്രസ്താവനയിലൂടെ അറിയിച്ചു.
കൊവിഡ് ബാധിതനായി മഥുരയിലെ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ സിദ്ദീഖ് കാപ്പനെ ആശുപത്രികിടക്കയില്‍ കെട്ടിയിട്ടിട്ടാണ് ഉള്ളതെന്ന് അദ്ദേഹത്തിന്റ ഭാര്യ ആരോപിക്കുന്നു. അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ തടവില്‍ കഴിയേണ്ടി വരുന്നത് രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പൗരസമൂഹത്തിന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ആവശ്യം യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തള്ളിക്കളയുകയാണ്.
സുപ്രിംകോടതി ഈ കേസില്‍ ഇടപെട്ട് സുഗമമായ വിചാരണ ഉറപ്പാക്കാന്‍ തയാറാകാതിരുന്നത് വീണ്ടും ഞെട്ടിക്കുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പസ് ഹരജി പോലും ഇതുവരെ തീര്‍പ്പുകല്‍പിച്ചിട്ടില്ല. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സംരക്ഷിക്കപ്പെടുന്ന ജനാധിപത്യ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് എതിരായ കാര്യങ്ങളാണ് ഈ നടക്കുന്നതെല്ലാമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
2020 നവംബറില്‍ തന്നെ സിദ്ദീഖ് കാപ്പന്റേതടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള വിവിധ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി എഡിറ്റേഴ്‌സ് ഗില്‍ഡ് യുപി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. അന്നത്തേതിനേക്കാള്‍ മോശമാണ് ഇപ്പോഴത്തെ അവസ്ഥ. ഈ അടുത്തായി മുഖ്യമന്ത്രി തന്നെ ഓക്‌സിജന്‍ ക്ഷാമം റിപോര്‍ട്ട് ചെയ്യുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പേര്‍ മോദിക്ക് കത്തയച്ചെങ്കിലും ഇതിനൊന്നിനും മറുപടി നല്‍കാന്‍ യോഗി തയ്യാറായിട്ടില്ല. സിദ്ദീഖ് കാപ്പനെ സംബന്ധിച്ച് മറ്റൊരു വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
