വർ​ഗീയ-വംശീയ രാഷ്ട്രീയത്തിന് മുന്നിൽ അരമനകളുടെ വാതിൽ അടഞ്ഞു കിടന്നില്ല; ചർച്ചയായി ജോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ കൊവിഡ് കാലത്ത് നമുക്ക് നമ്മുടെ സഹോദരന് കൈത്താങ്ങാകാൻ പറ്റിയോ? വിദ്യാഭ്യാസ ബില്ലിനെപറ്റിയോ കാർഷിക ബില്ലിനെ പറ്റിയോ ചർച്ചകൾ നടത്തുവാനോ, ഒരു പ്രതിഷേധം സംഘടിപ്പിക്കുവാനോ, നമുക്ക് സാധിച്ചോ? എന്ന ​ഗൗരവതരമായ വിമർശനമാണ് അദ്ദേഹം ലേഖനത്തിലൂടെ ഉയർത്തിയത്.

Update: 2022-05-06 17:30 GMT

കോഴിക്കോട്: വർ​ഗീയ-വംശീയ രാഷ്ട്രീയത്തിന് മുന്നിൽ അരമനകളുടെ വാതിൽ അടഞ്ഞു കിടന്നില്ലെന്ന തൃക്കാക്കര എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ക്രൈസ്തവ യുവത്വം കുടിക്കുന്ന കൈപ്പുനീർ എന്ന തലക്കെട്ടോടുകൂടി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പാണ് ചർച്ചയായിരിക്കുന്നത്.

സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിന് സഭ വൈമുഖ്യം കാണിക്കുന്നുവെന്ന് പരോക്ഷമായി പറയുന്ന ലേഖനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. സമൂഹം മൊത്തത്തിലും, സമുദായം പ്രത്യേകിച്ചും അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് ഒന്നിലേക്കു പോലും പരിഹാരത്തിന്റെയും, പരിശോധനയുടെയും വെളിച്ചം വീശുവാൻ പോലുമാകാത്ത വിധം സമുദായം ചുരുങ്ങിയിരിക്കുന്നു. ഈ കൊവിഡ് കാലത്ത് നമുക്ക് നമ്മുടെ സഹോദരന് കൈത്താങ്ങാകാൻ പറ്റിയോ? വിദ്യാഭ്യാസ ബില്ലിനെപറ്റിയോ കാർഷിക ബില്ലിനെ പറ്റിയോ ചർച്ചകൾ നടത്തുവാനോ, ഒരു പ്രതിഷേധം സംഘടിപ്പിക്കുവാനോ, നമുക്ക് സാധിച്ചോ? എന്ന ​ഗൗരവതരമായ വിമർശനമാണ് അദ്ദേഹം ലേഖനത്തിലൂടെ ഉയർത്തിയത്.

വർഗീയതയുടെയും, വംശീയതയുടെയും, നിലപാടില്ലായ്മയുടെയും രാഷ്ട്രീയം പിന്തുടരുന്നവർക്ക്‌ നേരെ നമ്മുടെ അരമനകളുടെ വാതിൽ അടഞ്ഞു കിടക്കും എന്നൊരു പത്രപ്രസ്താവന ഇറക്കിയോ? മർദ്ദിതർക്കും ചൂഷകർക്കും വേണ്ടിയും യേശു ശബ്ദം ഉയർത്തിയതുപോലെ ചത്തീസ്ഗഡിലെ മർദ്ദിതരേയും, ചൂഷകരെയും ചേർത്തുപിടിച്ച ഫാദർ സ്റ്റാൻ സാമിക്കു വേണ്ടി ഒരു പ്രതിഷേധതിരി കത്തിച്ചോ? ഇല്ല എന്നത് പല പ്രാവശ്യം ആവർത്തിക്കേണ്ടിവരും. ഇനിയും ചോദ്യങ്ങൾ ചോദിച്ചാൽ ഈ "ഇല്ല "എന്ന ഉത്തരങ്ങൾ ഏറിവരുമെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

Full View